സൊമാലിയ തീരത്ത് എണ്ണക്കപ്പൽ മോചിപ്പിക്കുന്നതിനിടെ ജീവനക്കാർ കൊല്ലപ്പെട്ടതിൽ യുഎഇ അപലപിച്ചു. സൊമാലിയ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ട എണ്ണ ഉൽപ്പന്ന ടാങ്കർ MT Honour 25 മോചിപ്പിക്കുന്നതിനുള്ള നടപടിക്കിടെ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെയാണ് യുഎഇ ശക്തമായി അപലപിച്ചത്.
സംഭവം സമുദ്രസുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് യുഎഇ ഐക്യദാർഢ്യം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
ആഗോള സാമ്പത്തിക സ്ഥിരതയുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും അടിസ്ഥാന ഘടകമാണ് സുരക്ഷിതമായ സമുദ്ര ഗതാഗതമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പ്രാദേശിക, അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും യുഎഇ ആവശ്യപ്പെട്ടു.
Content Highlights: UAE expressed concern over an incident involving crew members of the MT Honour 25 off Somalia and reaffirmed support for maritime security.