അബുദാബിക്കും ദുബായിക്കുമിടയിൽ ഇത്തിഹാദ് റെയിൽ യാത്രാസേവനം ആരംഭിച്ചതോടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കാതലായ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി കൺസൾട്ടൻസിയായ 'ബെറ്റർഹോംസ്' ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രെയിൻ സ്റ്റേഷനുകൾക്ക് സമീപമുള്ള വീടുകളുടെയും ഫ്ലാറ്റുകളുടെയും വാടകനിരക്കിലാണ് ഇതിന്റെ ആദ്യ പ്രതിഫലനം കാണാനാകുക. വാടക നിരക്കിൽ വർദ്ധനവുണ്ടാകുന്നതിന് പിന്നാലെ വസ്തുക്കളുടെ വിൽപന വിലയിലും വർദ്ധനവുണ്ടാകും. താമസത്തിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിൽ ആളുകളുടെ മുൻഗണനകൾ മാറാൻ പുതിയ ഇത്തിഹാദ് റെയിൽ വഴിയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സെപ്റ്റംബർ 30 മുതലാണ് ദുബായിലെ അൽ യലായീസ്, ഷാർജയിലെ അൽ ദൈദ് എന്നീ സ്റ്റേഷനുകളെ ഉൾപ്പെടുത്തി ഇത്തിഹാദ് റെയിൽ ശൃംഖല വിപുലീകരിച്ചത്. അബുദാബിക്കും ദുബായിക്കുമിടയിൽ പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 10 സർവീസുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കേവലം ഒരു മണിക്കൂറും നാല് മിനിറ്റും കൊണ്ട് ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യാം. ഇതോടൊപ്പം അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് പ്രമുഖ കേന്ദ്രങ്ങളിലേക്ക് 10 ദിർഹം നിരക്കിൽ കണക്റ്റിവിറ്റി ബസ് സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്.
ദുബായിൽ നിന്ന് അബുദാബിയിലേക്ക് 39 ദിർഹവും ദുബായ്-ഫുജൈറ യാത്രയ്ക്ക് 29 ദിർഹവുമാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകൾ. അൽ ദൈദിൽ നിന്ന് ഫുജൈറയിലേക്ക് 19 ദിർഹമാണ് നിരക്ക്. ദുബായ് അൽ യലായീസ് സ്റ്റേഷൻ ദുബായ് മെട്രോ റെഡ് ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, യാത്രികർക്ക് നഗരത്തിനുള്ളിലെ യാത്രയും സുഗമമായി പൂർത്തിയാക്കാനാകും. കൂടാതെ 22 ദിർഹത്തിന്റെ 'നോൾ വൺ-ഡേ പാസ്' ഉപയോഗിച്ച് മെട്രോ, ട്രാം, ബസുകൾ എന്നിവയിലും യാത്ര ചെയ്യാം.
ഇത്തിഹാദ് റെയിൽ പ്രവർത്തനം ആരംഭിച്ചതോടെ കൃത്യമായ യാത്രാസമയം കണക്കാക്കാൻ സാധിക്കുന്നത് റിയൽ എസ്റ്റേറ്റ് വിപണിയെ ഏറെ സ്വാധീനിക്കുമെന്ന് ബെറ്റർഹോംസ് അബുദാബി ഡയറക്ടർ നദ ഉസ്മാൻ പറഞ്ഞു. തൊഴിൽ സ്ഥലത്തിന്റെ ദൂരത്തേക്കാൾ യാത്രാസൗകര്യത്തിന് മുൻഗണന നൽകാൻ ആളുകൾ തയാറാകുന്നതോടെ അബുദാബിയിലെയും ദുബായിലെയും പ്രോപ്പർട്ടി അന്വേഷണങ്ങളിൽ വലിയ വർദ്ധനവുണ്ടാകും. സ്റ്റേഷൻ പരിസരങ്ങളിലെ വാടക നിരക്കുകളിൽ ഈ മാറ്റം ഉടൻ തന്നെ പ്രകടമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Content Highlights: A new Etihad Rail station in Dubai could increase rental demand and contribute to higher rents in nearby areas, according to a report.