യാത്രാസമയവും ചെലവും പകുതിയായി കുറഞ്ഞു; ദുബായ് നിവാസികൾക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ

സാമ്പത്തിക ലാഭത്തേക്കാൾ യാത്രാസമയം വൻതോതിൽ ലാഭിക്കാൻ സാധിക്കുന്നു എന്നതാണ് ഇന്ത്യൻ പ്രവാസിയായ അഭിഷേകിന് പറയാനുള്ളത്

ദുബായിക്കും അബുദാബിക്കും ഇടയിൽ ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് ആരംഭിച്ചതോടെ യുഎഇയിലെ എമിറേറ്റുകൾ തമ്മിലുള്ള യാത്രാ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ദിവസേന ജോലി ആവശ്യങ്ങൾക്കായും മറ്റും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് യാത്രാസമയവും വലിയ തുകയും ലാഭിക്കാൻ ഈ ട്രെയിൻ ശൃംഖല സഹായിക്കുന്നു.

റോബോട്ടിക്‌സ് എഞ്ചിനീയറായ വസീഫിന്റെ അനുഭവം ഇതിനൊരു തെളിവാണ്. അബുദാബിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഓഫീസിലേക്ക് പോകാൻ ഒരു വശത്തേക്ക് മാത്രം ടാക്സി കൂലിയായി 350 ദിർഹത്തിലേറെ ചെലവാകുമായിരുന്നു. എന്നാൽ പുതിയ ട്രെയിൻ സർവീസ് വന്നതോടെ, അൽ നഹ്ദയിൽ നിന്നും സ്റ്റേഷനിലേക്കുള്ള ടാക്സി ചാർജ്ജ് ആയ 134 ദിർഹവും 39 ദിർഹത്തിന്റെ ട്രെയിൻ ടിക്കറ്റും ചേർത്ത് 173 ദിർഹം മാത്രമാണ് വസീഫിന് ചെലവായത്. അതായത് ഒറ്റ യാത്രയിൽ 177 ദിർഹത്തിന്റെ വൻ ലാഭം. ഇനി മുതൽ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കാനാണ് വസീഫിന്റെ തീരുമാനം.

സാമ്പത്തിക ലാഭത്തേക്കാൾ യാത്രാസമയം വൻതോതിൽ ലാഭിക്കാൻ സാധിക്കുന്നു എന്നതാണ് ഇന്ത്യൻ പ്രവാസിയായ അഭിഷേകിന് പറയാനുള്ളത്. മിർദിഫിൽ നിന്ന് അബുദാബിയിലേക്ക് ദിവസവും കാറോടിച്ച് പോയിരുന്ന ഇദ്ദേഹത്തിന് വൈകുന്നേരങ്ങളിലെ വൻ ഗതാഗതക്കുരുക്ക് കാരണം തിരികെ എത്താൻ രണ്ടര മണിക്കൂറിലധികം സമയം വേണ്ടിയിരുന്നു. എന്നാൽ ഇനി കൃത്യമായി 64 മിനിറ്റുകൊണ്ട് അബുദാബിയിലെത്താൻ ട്രെയിൻ വഴി സാധിക്കുന്നു.

ദുബായിലെ അൽ യലായീസ് സ്റ്റേഷനും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനും തമ്മ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ദുബായ് ട്രെയിൻ സ്റ്റേഷനെ കാൽനടപ്പാലം വഴി ദുബായ് മെട്രോയുടെ റെഡ് ലൈനുമായി (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ) നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും ഏറെ എളുപ്പമാണ്.

നിലവിൽ ദിവസേന ഇരുവശങ്ങളിലേക്കുമായി 10 സർവീസുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. കംഫർട്ട് ക്ലാസിൽ 39 ദിർഹം മുതലും പ്രീമിയം ക്ലാസിൽ 109 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. അതിവേഗ യാത്രയും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന ഈ സർവീസ് വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികളുടെയും സ്വദേശികളുടെയും പ്രധാന യാത്രാ മാർഗമായി മാറും.

Content Highlights: Etihad Rail is bringing relief to Dubai residents by significantly reducing travel time and transportation costs, making daily journeys more convenient

To advertise here,contact us