അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ LIVEX 2026 പ്രദർശനം സന്ദർശിച്ചു. അബുദാബിയിലെ ADNEC സെന്ററിൽ നഗരസഭാ-ഗതാഗത വകുപ്പ് (DMT) സംഘടിപ്പിക്കുന്ന Liveability and Investment Exhibition (LIVEX 2026) ലാണ് അദ്ദേഹം പങ്കെടുത്തത്.
പ്രദർശനത്തിലെ വിവിധ ദേശീയ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം ഭാവി നഗരങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട നൂതന പദ്ധതികൾ, സ്മാർട്ട് സൊല്യൂഷനുകൾ, വിവിധ സംരംഭങ്ങൾ എന്നിവ വിലയിരുത്തി. സ്മാർട്ടും സുസ്ഥിരവുമായ നഗരങ്ങളുടെ വികസനത്തിൽ നിക്ഷേപം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ ജീവിതനിലവാരം ഉയർത്താനും സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സമഗ്രമായ നഗരാന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാവിയിലെ നഗരങ്ങളെ രൂപപ്പെടുത്തുന്ന പദ്ധതികൾ, നയങ്ങൾ, പങ്കാളിത്തങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ആഗോള വേദിയായാണ് LIVEX 2026 സംഘടിപ്പിച്ചിരിക്കുന്നത്. താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും കൂടുതൽ ആകർഷകമായ നഗരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നഗരവികസനം, സാമ്പത്തിക വളർച്ച, ദീർഘകാല നിക്ഷേപം എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും പ്രദർശനം ഒരുക്കുന്നു. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല, ആഗോള അസറ്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ, വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികൾ എന്നിവയിൽ നിന്നായി 1500-ലധികം നിക്ഷേപകരും LIVEX 2026-ൽ പങ്കെടുക്കുന്നുണ്ട്. ഭാവി നഗരങ്ങളുടെ നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പങ്കാളിത്തവും നിക്ഷേപ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇവർ പരിശോധിക്കും.
Content Highlights:Abu Dhabi Crown Prince Sheikh Khaled bin Mohamed bin Zayed visited LIVEX 2026 and reviewed innovative projects, initiatives and smart solutions for future cities.