യുഎഇയിൽ ഒക്‌ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ-ഡീസൽ നിരക്കുകളിൽ വൻ വർധന

യുഎഇയിലെ ഇന്ധനവിലയിലെ പ്രതിമാസ മാറ്റങ്ങൾ കുടുംബങ്ങളുടെ ബജറ്റിനെയും നേരിട്ട് ബാധിക്കും

യുഎഇയിൽ ഒക്‌ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഒക്‌ടോബറിലും പെട്രോൾ, ഡീസൽ നിരക്കുകൾ ഉയർന്നു. പുതിയ നിരക്കുകൾ നാളെ (ഒക്‌ടോബര്‍ 1) മുതൽ പ്രാബല്യത്തിൽ വരും.

ഒക്‌ടോബറിലെ പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹം ആണ് വരുന്നത്. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് 4.28 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 3.69 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോളിന്റെ വിലയും ഉയർന്നിട്ടുണ്ട്. ലിറ്ററിന് 4.21 ദിർഹമാണ് ഒക്‌ടോബറിലെ നിരക്ക്. സെപ്റ്റംബറിൽ ഇത് 3.61 ദിർഹമായിരുന്നു. ഡീസലിന് ലിറ്ററിന് 4.80 ദിർഹം നൽകണം. കഴിഞ്ഞ മാസം ഡീസൽ വില 4.30 ദിർഹമായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇന്ധനവില 60 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. തുടർന്ന് ജൂലൈയിൽ വില കുറഞ്ഞെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും വീണ്ടും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ കാലാവധി കഴിഞ്ഞതും അത് നീട്ടാൻ വാഷിങ്ടൺ തയ്യാറല്ലെന്ന റിപ്പോർട്ടുകളും ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുകളും മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതിനിടെ ചെങ്കടലിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഹൂതികളുടെ ആക്രമണങ്ങളും ശക്തമായിട്ടുണ്ട്. യുഎഇയിലെ ഇന്ധനവിലയിലെ പ്രതിമാസ മാറ്റങ്ങൾ കുടുംബങ്ങളുടെ ബജറ്റിനെയും നേരിട്ട് ബാധിക്കും. ഇന്ധനം സ്ഥിരമായി വേണ്ടിവരുന്ന ചെലവായതിനാൽ ചെറിയ വിലവർധന പോലും ദീർഘകാലാടിസ്ഥാനത്തിൽ വാഹനയാത്രക്കാരുടെ മാസച്ചെലവ് ഉയർത്താൻ ഇടയാക്കും.

Content Highlights: UAE has announced higher petrol and diesel prices for October 2026, with all fuel categories increasing from October 1.

To advertise here,contact us