ഇന്ത്യ-യുഎഇ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കും; വിമാന സർവീസുകൾ വർദ്ധിപ്പിക്കാനും തീരുമാനം

മുംബൈയിൽ ചേർന്ന ഇന്ത്യ-യുഎഇ ഹൈലെവൽ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇൻവെസ്റ്റ്‌മെന്റിന്റെ 13-ാമത് യോഗത്തിലാണ് ഈ പ്രധാന തീരുമാനങ്ങൾ

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ നിർണ്ണായക തീരുമാനം. 2032-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലേക്ക് (ഏകദേശം 16 ലക്ഷം കോടിയിലധികം രൂപ) ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനുപുറമെ, അബുദാബിക്കും ഇന്ത്യയിലെ വിവിധ നഗരങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. മുംബൈയിൽ ചേർന്ന ഇന്ത്യ-യുഎഇ ഹൈലെവൽ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇൻവെസ്റ്റ്‌മെന്റിന്റെ 13-ാമത് യോഗത്തിലാണ് ഈ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് ഹമദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സംയുക്ത അധ്യക്ഷതയിലാണ് യോഗം നടന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2013-ൽ രൂപീകരിച്ച കർമസേനയുടെ അവലോകന യോഗമായിരുന്നു ഇത്. നിലവിൽ 101.25 ബില്യൺ ഡോളറാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള വാർഷിക വ്യാപാരം. ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ശേഷം വ്യാപാര മേഖലയിലുണ്ടായ വൻ വളർച്ച യോഗം വിലയിരുത്തി.

ഇരുരാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന വിവിധ വൻകിട പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ ചർച്ചയായി. ഗുജറാത്തിലെ ഫുഡ് പാർക്ക് പദ്ധതി, ആർബിഎൽ (RBL) ബാങ്കിന്റെ ഓഹരികൾ എമിറേറ്റ്സ് എൻബിഡി ഏറ്റെടുത്ത നടപടി, സമ്മാൻ ക്യാപിറ്റലിൽ നടത്തുന്ന നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒഡീഷയിൽ 11.5 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന വൻകിട അലുമിനിയം കോംപ്ലക്സ് പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണെന്ന് വിലയിരുത്തി.

സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ പ്രമുഖ ബാങ്കുകളായ മഷ്‌റഖ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി നാഷണൽ ഇൻഷുറൻസ് കമ്പനി എന്നിവയുടെ ശാഖകൾ ഇന്ത്യയിലെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വ്യാപാരവും യാത്രയും സുഗമമാക്കുന്നതിന് അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം എടുത്തുപറഞ്ഞു. കൂടാതെ, ഗുജറാത്തിലെ ദൊലേറയിൽ സംയുക്തമായി അത്യാധുനിക ലോജിസ്റ്റിക്സ് ഹബ്ബ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും സജീവമായി ചർച്ച ചെയ്തു.

Content Highlights: India and the UAE have discussed measures to strengthen economic ties and expand cooperation in trade, investment, technology and other sectors. Civil aviation cooperation was also discussed with the aim of enhancing air connectivity between India and Abu Dhabi.

To advertise here,contact us