യുഎഇ ദേശീയ പാസഞ്ചർ സർവീസായ ഇത്തിഹാദ് റെയിലിന്റെ ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ യാത്ര പൂർത്തിയായി. വെറും ഒരു മണിക്കൂർ രണ്ട് മിനിറ്റ് കൊണ്ടാണ് ദുബായിൽ നിന്നുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര പൂർത്തിയായത്. ദുബായിലെയും അബുദാബിയിലെയും റോഡ് ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ബുദ്ധിമുട്ടുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ഇനി നിമിഷനേരം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.
ബുധനാഴ്ച രാവിലെ ദുബായിൽ പുതുതായി ഉദ്ഘാടനം ചെയ്ത അൽ യലായീസ് (Al Yalayis) സ്റ്റേഷനിൽ നിന്ന് രാവിലെ 6:14-ന് പുറപ്പെട്ട ട്രെയിൻ 7:18-നാണ് അബുദാബിയിലെത്തിയത്. അബുദാബിയിൽ നിന്ന് തിരികെയുള്ള സർവീസും ഇതേ സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി. രാവിലെ 7:43-ന് പുറപ്പെട്ട ട്രെയിൻ 8:47-ഓടെ ദുബായിലെത്തിച്ചേർന്നു. നിലവിൽ ദുബായിക്കും അബുദാബിക്കുമിടയിൽ ദിവസേന 10 സർവീസുകളും അബുദാബിക്കും ഫുജൈറയ്ക്കുമിടയിൽ 6 സർവീസുകളുമാണ് ഒരുക്കിയിരിക്കുന്നത്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനിൽ ഒരേസമയം 400 പേർക്ക് യാത്ര ചെയ്യാം. ആദ്യ സർവീസിൽ തന്നെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ദിവസേന മണിക്കൂറുകളോളം കാർ ഓടിച്ച് ജോലിക്ക് പോയിരുന്നവർക്ക് ഇത്തിഹാദ് റെയിലിന്റെ വരുംദിനങ്ങളിലെ സർവീസുകൾ വലിയ ആശ്വാസമാകും. ട്രാഫിക് കുരുക്കിൽ പെടാതെ ഏറ്റവും വേഗത്തിലും സുരക്ഷിതമായും യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം യാത്രക്കാർ പങ്കുവെച്ചു.
'കംഫർട്ട്', 'പ്രീമിയം' എന്നിങ്ങനെ രണ്ട് ക്ലാസുകളിലാണ് ടിക്കറ്റ് ബുക്കിംഗ് സൗകര്യമുള്ളത്. സൗജന്യ വൈഫൈ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, മികച്ച സീറ്റിംഗ് സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ പ്രീമിയം വിഭാഗത്തിൽ വിശാലമായ സീറ്റുകളും സൗജന്യ ലഘുഭക്ഷണവും ലഭ്യമാണ്. ഇത്തിഹാദ് റെയിലിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റുകളിലേക്കുള്ള പാസഞ്ചർ സർവീസുകൾ അടുത്ത ഘട്ടങ്ങളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Etihad Rail has started passenger services connecting Dubai and Abu Dhabi. The direct journey between Al Yalayis Station in Dubai and Mohammed Bin Zayed City Station in Abu Dhabi takes about one hour and four minutes, with multiple services operating daily.