അബുദാബി ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നാല് പ്രവാസികളെ ഭാഗ്യം തുണച്ചു. ഓരോത്തർക്കും 25,000 ദിർഹം വീതമാണ് സമ്മാനം. കുവൈറ്റിൽ ഡ്രൈവറായ മലയാളി എൽദോ മാത്യു ഉൾപ്പെടെയുള്ള വിജയികളാണ് ഈ സ്വപ്നനേട്ടം കൈവരിച്ചത്. വർഷങ്ങളായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇവർ ഓരോരുത്തരും സമ്മാനത്തുക ഉപയോഗിച്ച് സ്വന്തം കുടുംബങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ്.
കുവൈറ്റിൽ കഴിഞ്ഞ എട്ട് വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന 30-കാരനായ എൽദോ മാത്യുവാണ് മലയാളിയായ വിജയി. 25 സുഹൃത്തുക്കൾ അടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പം ചേർന്ന് ടിക്കറ്റെടുത്താണ് എൽദോ ഈ വിജയം സ്വന്തമാക്കിയത്. കൂട്ടുകാരോടൊപ്പം ഈ സന്തോഷം പങ്കിടാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സാമി, കുടുംബത്തിനായി തുക വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന അയ്യലു എന്നിവരാണ് വിജയികളായ മറ്റ് ഇന്ത്യക്കാർ. കൂട്ടുകാരോടൊപ്പം പങ്കുചേർന്നും അല്ലാതെയും ബിഗ് ടിക്കറ്റ് എടുക്കാറുള്ള സാമി ഇത്തവണ ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തത്. നറുക്കെടുപ്പിൽ അപ്രതീക്ഷിതമായി വിജയിയായ വിവരം ഫോൺ കോളിലൂടെ അറിഞ്ഞപ്പോൾ വലിയ സന്തോഷ തോന്നിയതായി അദ്ദേഹം പറഞ്ഞു. നാട്ടിലുള്ള കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനാണ് താൻ ഈ തുക ഉപയോഗിക്കുകയെന്ന് മറ്റൊരു വിജയിയായ അയ്യലു വ്യക്തമാക്കി.
ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പ്രവാസികളാണ് മറ്റു വിജയികൾ. അബുദാബിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന 38-കാരനായ മുഹമ്മദ് ഷഹദത്ത് ഹുസൈൻ 12 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. ആകെ ലഭിച്ച തുക 13 പേരുമായി പങ്കിടുമെന്നും തന്റെ വിഹിതം നാട്ടിലെ കുടുംബത്തിന് അയച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ 34 വർഷമായി പെയിന്ററായി ജോലി ചെയ്യുന്ന 56-കാരനായ ബംഗ്ലാദേശ് സ്വദേശി അബുൽ ബഷാർ 20 കൂട്ടുകാരോടൊപ്പമാണ് ഭാഗ്യം പരീക്ഷിച്ചത്. സമ്മാനത്തുകയുടെ ഒരു വിഹിതം കുടുംബത്തിന് നൽകാനും ബാക്കി ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. വരും മാസങ്ങളിലും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത് തുടരുമെന്നാണ് വിജയികൾ ഒന്നടങ്കം പറയുന്നത്.
Content Highlights: Eldho Mathew, a Malayali driver who has been living and working in Kuwait for eight years, has won a Big Ticket prize as part of a 25-member group. The prize money will be shared among all group members.