ഡോളർ കരുത്താർജ്ജിച്ചു, ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ കനത്ത ഇടിവ്; ദുബായിൽ ഒറ്റ ദിവസം കുറ‍ഞ്ഞത് 11 ദിർഹം

യുഎസ് ഡോളർ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതാണ് സ്വർണ്ണത്തിന് തിരിച്ചടിയായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു

യുഎസ് ഡോളർ കരുത്താർജ്ജിച്ചതോടെ ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. ദുബായിൽ ഇന്ന് സ്വർണ്ണവില ഗ്രാമിന് 11 ദിർഹം കുറഞ്ഞ് 505.5 ദിർഹമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഗ്രാമിന് 18.25 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ദുബായ് വിപണിയിൽ 24 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 505.5 ദിർഹമായി കുറഞ്ഞു. മറ്റ് വകഭേദങ്ങളായ 22 ക്യാരറ്റിന് 468 ദിർഹവും 21 ക്യാരറ്റിന് 448.75 ദിർഹവും 18 ക്യാരറ്റിന് 384.75 ദിർഹവുമാണ് നിലവിലെ നിരക്ക്.

ആഗോള വിപണിയിലും കനത്ത ഇടിവാണ് ദൃശ്യമായത്. സ്വർണ്ണവില ഔൺസിന് 2.01 ശതമാനം ഇടിഞ്ഞ് 4,191.88 ദിർഹത്തിലെത്തി. വെള്ളി വിലയിലും 3.51 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

യുഎസ് ഡോളർ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതാണ് സ്വർണ്ണത്തിന് തിരിച്ചടിയായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന പ്രവചനങ്ങളും ആഗോള ബോണ്ട് വിപണിയിലെ മാറ്റങ്ങളുമാണ് വിലയിടിവിന് പ്രധാന കാരണം.

അതേസമയം, താത്കാലികമായി തിരിച്ചടിയുണ്ടെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം തുടരുമെന്നും വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാമെന്നുമാണ് വിപണി വിദഗ്ദ്ധരുടെ പ്രവചനം.

Content Highlights: Gold prices came under pressure as the US dollar strengthened and expectations of further US interest-rate increases weighed on bullion. In Dubai, 24K gold fell by Dh11 per gram at Monday’s opening, while global gold prices also declined.

To advertise here,contact us