യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ദുബായിൽ നിന്നുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ മറ്റെന്നാൾ മുതൽ ആരംഭിക്കും. ദുബായ്, അബുദാബി, ഫുജൈറ എന്നീ എമിറേറ്റുകളെ ബന്ധിപ്പിച്ചാണ് ആദ്യഘട്ട സർവീസുകൾ. ടിക്കറ്റ് ബുക്കിംഗ് ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചു കഴിഞ്ഞു.
ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ അൽ യലായിസ് സ്റ്റേഷൻ വഴിയാണ് ദുബായിലെ യാത്രക്കാർ പ്രവേശിക്കേണ്ടത്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും ഒരു മണിക്കൂർ നാല് മിനിറ്റും ഫുജൈറയിലേക്ക് ഒരു മണിക്കൂർ 10 മിനിറ്റും കൊണ്ട് എത്തിച്ചേരാം.
ദുബായ് - അബുദാബി റൂട്ടിൽ ദിവസവും അഞ്ച് സർവീസുകൾ വീതമുണ്ടാകും. കംഫർട്ട് ക്ലാസിന് 39 ദിർഹം മുതലും പ്രീമിയം ക്ലാസിന് 109 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. ദുബായ് - ഫുജൈറ റൂട്ടിൽ 29 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
ദുബായ് മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനുമായി ഇത്തിഹാദ് റെയിൽ സ്റ്റേഷൻ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ യാത്രക്കാർക്ക് മെട്രോയിലേക്ക് എളുപ്പത്തിൽ മാറാം. കൂടാതെ ആർടിഎ ബസ്, ടാക്സി, വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്.
സൗജന്യ വൈ-ഫൈ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.
Content Highlights: Etihad Rail passenger services from Dubai are set to begin on September 30. Ticket bookings have opened for services connecting Dubai with Abu Dhabi and Fujairah, with fares for the Dubai-Abu Dhabi route starting at Dh39 for Comfort Class.