ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന പദവി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ബൃഹത്തായ വികസന പദ്ധതികളാണ് യുഎഇ ആവിഷ്കരിക്കുന്നത്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ശതകോടികൾ ചെലവിട്ടുള്ള വിവിധ വിനോദസഞ്ചാര, അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് വിവിധ എമിറേറ്റുകളിൽ യാഥാർത്ഥ്യമാകുന്നത്.
അബുദാബിയിലെ പ്രശസ്തമായ യാസ് ദ്വീപിൽ 1.7 ബില്യൺ ഡോളർ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക 'സ്ഫിയർ' (Sphere) വിനോദ കേന്ദ്രമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി നിർമ്മിക്കപ്പെടുന്ന ഈ കേന്ദ്രം യാസ് മാളിനും സീ വേൾഡിനും ഇടയിലാണ് ഉയരുന്നത്. ഒരേസമയം 20,000 പേർക്ക് ഇരുന്ന് ആസ്വദിക്കാൻ കഴിയുന്ന ഈ കേന്ദ്രം വൻകിട സാംസ്കാരിക, വിനോദ പരിപാടികൾക്ക് വേദിയാകും.
അതേസമയം, പരിസ്ഥിതി സൗഹൃദ വിനോദം ലക്ഷ്യമിട്ട് ദുബായിൽ 'അൽ ലയാൻ ഒയാസിസ്' പദ്ധതി പുരോഗമിക്കുകയാണ്. കൂറ്റൻ തടാകം, നടക്കാനും സൈക്കിൾ ചവിട്ടാനുമുള്ള പ്രത്യേക ട്രാക്കുകൾ, 100 കാരവാനുകൾക്കായി തയ്യാറാക്കിയ ക്യാമ്പിംഗ് സൗകര്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണം. ഷാർജയിൽ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയുടെ മാതൃകയിലാണ് 'അബു അൽ കൈസാൻ മറൈൻ വില്ലേജ്' ഒരുങ്ങുന്നത്. റെസിഡൻഷ്യൽ സമുച്ചയങ്ങൾ, ലക്ഷ്വറി ഹോട്ടലുകൾ, റിസോർട്ടുകൾ, പള്ളി എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഒരു പ്രകൃതിദത്ത തുറമുഖമായിരിക്കും ഇത്.
ഇതിനുപുറമെ, റാസൽഖൈമയിലെ പ്രധാന തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബീച്ച് വികസന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നു വരികയാണ്. വരും വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഈ പദ്ധതികൾ തെയ്യാറാക്കിയിരിക്കുന്നത്.
Content Highlights: The UAE is expanding its tourism landscape through major projects across Abu Dhabi, Dubai, Sharjah and Ras Al Khaimah. New attractions, waterfront developments, cultural destinations and improved connectivity are being developed to diversify tourism experiences and support the sector’s long-term growth.