യുഎഇയിൽ കോടതി നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ എഐ സാങ്കേതികവിദ്യ അവതരിപ്പിച്ച് യുഎഇ നീതിന്യായ മന്ത്രാലയം. അബുദാബി അഡ്നെക് സെന്ററിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 15-ാമത് കുറ്റകൃത്യ നിരോധന-ക്രിമിനൽ നീതി കോൺഗ്രസിലാണ് മന്ത്രാലയം ഈ പുതിയ എഐ സംവിധാനം പ്രദർശിപ്പിച്ചത്. കേസുകളുടെ വിചാരണയ്ക്ക് മുന്നോടിയായുള്ള ഫയൽ പഠനവും തെളിവുകളുടെ ചുരുക്കം തയ്യാറാക്കലും ഉൾപ്പെടെ മുമ്പ് 18 പ്രവൃത്തിദിനങ്ങൾ എടുത്തിരുന്ന നടപടികൾ വെറും രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
ഏകദേശം ഒമ്പത് മാസത്തെ കഠിനമായ പരീക്ഷണങ്ങൾക്കൊടുവിലാണ് 'ഏജന്റിക് എഐ' അധിഷ്ഠിതമായ പ്ലാറ്റ്ഫോം മന്ത്രാലയം വികസിപ്പിച്ചെടുത്തത്. യുഎഇയുടെ വ്യക്തിഗത വിവര സംരക്ഷണ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് 22,000-ത്തിലധികം നിയമരേഖകളും 10,000 പഴയ കേസ് ഫയലുകളും വിശകലനം ചെയ്താണ് എഐ ലാംഗ്വേജ് മോഡലിന് പരിശീലനം നൽകിയത്. ആയിരക്കണക്കിന് പേജുകളുള്ള സങ്കീർണ്ണമായ കേസ് ഡാറ്റകൾ സെക്കൻഡുകൾക്കുള്ളിൽ പരിശോധിച്ച്, വിധികർത്താക്കൾക്ക് ആവശ്യമായ പ്രധാന വിവരങ്ങളുടെ ചുരുക്കം തയാറാക്കാൻ ഈ സംവിധാനത്തിന് ശേഷിയുണ്ട്.
അതേസമയം, ഈ സാങ്കേതികവിദ്യ ജഡ്ജിമാർക്ക് തീരുമാനങ്ങൾ വേഗത്തിലെടുക്കാനുള്ള ഒരു സഹായ സംവിധാനം മാത്രമാണെന്നും അന്തിമ തീരുമാനം പൂർണ്ണമായും മനുഷ്യരുടെ (ജഡ്ജിമാരുടെ) വിവേചനബുദ്ധിക്ക് വിധേയമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കേസ് വിവരങ്ങളും മുൻകാല വിധികളും ശേഖരിച്ച് സമർപ്പിക്കാൻ എഐ സഹായിക്കുമെങ്കിലും ഏത് വിവരവും പരിഷ്കരിക്കാനോ തള്ളിക്കളയാനോ ഉള്ള പൂർണ്ണ അധികാരം വിചാരണ നടത്തുന്ന ജഡ്ജിമാർക്ക് തന്നെയായിരിക്കും.
ഭരണഘടനാപരമായ അവകാശങ്ങളും നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും നിലനിർത്തിക്കൊണ്ടുതന്നെയാകും സാങ്കേതികവിദ്യ ഉപയോഗിക്കുക. ഈ വർഷം അവസാനത്തോടെ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഫെഡറൽ കോടതികളിലുടനീളം ഇത് പൂർണ്ണമായി നടപ്പിലാക്കാനാണ് നീതിന്യായ മന്ത്രാലയം പദ്ധതിയിടുന്നത്.
Content Highlights: The UAE is expanding the use of artificial intelligence in its justice system. A new AI-powered judicial platform can analyse case files, review legal documents and support judicial workflows, while final decisions remain under human supervision.