ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ശക്തി എന്ന് ഭംഗി വാക്ക് പറയുന്ന കമ്പനി മുതലാളിമാരായിരിക്കും കൂടുതൽ. എന്നാൽ അത് വെറും ഭംഗിവാക്ക് മാത്രമല്ലെന്ന് പറയുന്ന കമ്പനി മുതലാളിമാരും ഉണ്ടെന്ന് തെളിയിക്കുകയാണ് ദുബായിലെ മലയാളി ദമ്പതികളായ ഹസീന നിഷാദും നിഷാദ് ഹുസെെനും. കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് പുതിയ ഐഫോൺ 18 സമ്മാനമായി നൽകിയാണ് ഇവർ ശ്രദ്ധനേടിയിരിക്കുന്നത്. വേൾഡ് സ്റ്റാർ ഹോൾഡിംഗ് കമ്പനി ചെയർമാനാണ് നിഷാദ്, മാനേജിംഗ് ഡയറക്ടറാണ് ഹസീന നിഷാദ്. ജീവനക്കാർക്ക് ഐഫോൺ സമ്മാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
'ഞങ്ങളുടെ വളർച്ചയുടെ അടിത്തറ ഞങ്ങളുടെ ജീവനക്കാരാണ്. അവർ ഇല്ലെങ്കിൽ കമ്പനിക്ക് വളർച്ചയും ഇല്ല. അതുകൊണ്ടുതന്നെ ആദ്യ ദിവസം മുതൽ ജീവനക്കാരുടെ ക്ഷേമത്തിനാണ് ഞാനും ഭർത്താവ് നിഷാദ് ഹുസെെനും മുൻഗണന നൽകുന്നതെന്ന്' ഹസീന പറഞ്ഞു. ചില ജീവനക്കാർക്ക് സമ്മാനപ്പൊതി കെെമാറുന്നതായിരുന്നു ഹസീന സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ. അതിൽ ചില പൊതികളിൽ ഐഫോൺ 18 നും മറ്റ് ചിലതിൽ വലിയ ചോക്ലേറ്റ് ബാറുകളുമായിരുന്നു ഉണ്ടായിരുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച 12 ജീവനക്കാർക്കായാണ് ഈ സമ്മാനം ഒരുക്കിയതെന്നും ചോക്ലേറ്റ് നൽകിയത് ചെറിയൊരു തമാശയുടെ ഭാഗമായിരുന്നു എന്നും ഹസീന പറഞ്ഞു. 'ചോക്ലേറ്റ് ലഭിച്ചവരിൽ ആരും നിരാശരായിരുന്നില്ല. അവർ സന്തോഷത്തോടെ അത് സ്വീകരിച്ചു. പിന്നീട് ഐഫോൺ ലഭിച്ചപ്പോൾ അവരുടെ മുഖത്തെ സന്തോഷം ഞങ്ങൾക്കും വലിയ സന്തോഷം നൽകി'യെന്നും ഹസീന കൂട്ടിച്ചേർത്തു.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന ആദ്യത്തെ നടപടിയല്ല ഇത്. കഴിഞ്ഞ വർഷവും മികച്ച ജീവനക്കാർക്ക് ഐഫോണുകൾ സമ്മാനിച്ചിരുന്നു. 2024 ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ 16 തൊഴിലാളികൾക്ക് ഫെെവ് സ്റ്റാർ ഹോട്ടലിൽ താമസം, ഷോഫർ ഡ്രെെവർ കാർ യാത്ര (chauffeur-driven), യാച്ച് പാർട്ടി (yacht parties) എന്നിവയും ഒരുക്കിയിരുന്നു. 2023-ൽ പ്രത്യേക സിനിമാ പ്രദർശനവും സംഘടിപ്പിച്ചിരുന്നു എന്നും ഹസീന പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ കമ്പനിയിലെ ജീവനക്കാരെ ദീർഘകാലം നിലനിർത്താൻ സഹായിച്ചതായും ഹസീന പറഞ്ഞു. കമ്പനിയിൽ നിന്ന് ജീവനക്കാർ വളരെ അപൂർവമായാണ് പിരിഞ്ഞുപോകുന്നത്. സ്ഥാപനം ആരംഭിച്ച കാലം മുതൽ ഇന്നുവരെ ഞങ്ങളോടൊപ്പം തുടരുന്ന ജീവനക്കാരുണ്ട്. ഭൂരിഭാഗം പേരും അഞ്ച് വർഷത്തിലേറെയായി കമ്പനിയുടെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ കായിക മത്സരങ്ങൾക്കും കമ്പനി പ്രാധാന്യം നൽകാറുണ്ടെന്നും അവർ പറഞ്ഞു. ഓരോ വർഷവും സ്ഥാപനത്തിലെ ജീവനക്കാരെ നാല് ഗ്രൂപ്പുകളാക്കി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും പരീശീലനത്തിനായി പ്രതിമാസ ബജറ്റ് അനുവദിക്കാറുണ്ടെന്നും ഹസീന വ്യക്തമാക്കി.
2008 ലാണ് നിഷാദ് ഹുസെെൻ വേൾഡ് സ്റ്റാർ ഹോൾഡിങ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. വിവാഹശേഷം ഹസീന, നിഷാദിന്റെ ബിസിനസിലേക്ക് കടന്നുവരികും പിന്നീട് മാനേജിങ് ഡയറക്ടർ പദവി ഏറ്റെടുക്കുകയുമായിരുന്നു. വർഷങ്ങളുടെ പ്രയത്നം കൊണ്ടാണ് കമ്പനി വളർത്തിയെടുത്തതെന്നും ജീവനക്കാരാണ് തങ്ങളുടെ വിജയത്തിന് കാരണമെന്നും അവർ പറഞ്ഞു. ജീനക്കാരെ നന്നായി പരിചരിച്ചാൽ കമ്പനി സ്വാഭാവികമായി വളരുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
https://www.instagram.com/reels/DdqDZioIfyE/
Content Highlights: Dubai-based Malayali entrepreneur gifted brand-new iPhone 18 devices to top-performing employees, saying that keeping staff happy and valued is a core principle of the company.