യുഎഇയിലെ സ്കൂളുകളിൽ പഠിക്കുന്ന ആസ്ത്മ ബാധിച്ച കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ അധ്യാപകരും സ്കൂൾ അധികൃതരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികൾക്ക് പെട്ടെന്ന് ശ്വാസതടസ്സമോ ആസ്ത്മ അറ്റാക്കോ ഉണ്ടായാൽ അടിയന്തരമായി സ്വീകരിക്കേണ്ട രക്ഷാമാർഗ്ഗങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഡോക്ടർമാർ വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ കുട്ടിയുടെയും രോഗാവസ്ഥയും മരുന്നുകളും രേഖപ്പെടുത്തിയ 'ആസ്ത്മ ആക്ഷൻ പ്ലാൻ' സ്കൂളുകളിൽ നിർബന്ധമായും സൂക്ഷിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
യുഎഇയിലെ കുട്ടികളിൽ ആസ്ത്മ പ്രധാന ആരോഗ്യപ്രശ്നമായി തുടരുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദുബായിലും നോർത്തേൺ എമിറേറ്റുകളിലുമുള്ള പതിനായിരക്കണക്കിന് സ്കൂൾ കുട്ടികളിൽ നടത്തിയ സർവ്വേയിൽ ആറ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ വലിയൊരു ശതമാനത്തിനും ആസ്ത്മ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് കായിക പരിശീലനങ്ങളിലോ മറ്റ് ശാരീരിക അധ്വാനങ്ങളിലോ ഏർപ്പെടുമ്പോൾ കുട്ടികൾക്ക് ആസ്ത്മ ലക്ഷണങ്ങൾ പെട്ടെന്ന് കഠിനമായേക്കാം. ഇത്തരം ഘട്ടങ്ങളിൽ കുട്ടികളുടെ റിലീവർ ഇൻഹേലറുകൾ (Reliever Inhaler) എവിടെയാണെന്ന് ഉറപ്പുവരുത്താനും അത് കൃത്യമായി ഉപയോഗിക്കാൻ സഹായിക്കാനും അധ്യാപകർക്ക് പരിശീലനം ലഭിക്കേണ്ടതുണ്ട്.
ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ കുട്ടിയെ ഉടനടി കായിക അധ്വാനങ്ങളിൽ നിന്ന് മാറ്റി ശാന്തമായി ഇരുത്തുകയും ഇൻഹേലർ നൽകുകയും വേണം. എന്നാൽ കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുക, നെഞ്ചിലോ കഴുത്തിലോ ശക്തമായ വലിവ് അനുഭവപ്പെടുക, ചുണ്ടുകൾ നീലനിറമാകുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ ഇൻഹേലർ നൽകുന്നതിനോടൊപ്പം തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സ്കൂളുകൾ ശ്രദ്ധിക്കണം.
ഓരോ കുട്ടിയുടെയും രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും വ്യത്യസ്തമായതിനാൽ, രക്ഷിതാക്കൾ കൃത്യമായ വിവരങ്ങൾ അടങ്ങിയ ആക്ഷൻ പ്ലാൻ സ്കൂളുകളിൽ ഏൽപ്പിക്കണം. കുട്ടിക്ക് അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ, ഇൻഹേലർ ഉപയോഗിക്കേണ്ട സമയം, ഡോസ് എന്നിവയെല്ലാം ഇതിൽ വ്യക്തമായിരിക്കണം. ചികിത്സയിൽ മാറ്റം വരുമ്പോൾ ഈ പ്ലാൻ പുതുക്കാനും ശ്രദ്ധിക്കണം. രക്ഷിതാക്കളും ഡോക്ടർമാരും അധ്യാപകരും ഒരുമിച്ച് നിന്നാൽ മാത്രമേ കുട്ടികളിലെ ആസ്ത്മ ഫലപ്രദമായി പ്രതിരോധിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനും സാധിക്കൂ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Doctors in the UAE have called for greater attention to the safety of students with asthma. Experts recommend that schools keep updated asthma action plans, ensure prescribed inhalers are accessible and train relevant staff to recognise warning signs and respond promptly.