പശ്ചിമേഷ്യൻ സുരക്ഷാ സാഹചര്യം; യുഎഇയിൽ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം, ചില വിമാനങ്ങൾ വൈകുന്നു

അബുദാബിയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളെയും ഇത് ഭാഗികമായി ബാധിച്ചു

പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെയും വ്യോമപാത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ യുഎഇയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളിൽ അനിശ്ചിതത്വം തുടരുന്നു. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയും ചില പ്രാദേശിക സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഇറാനിയൻ എയർലൈനുകളുടെ സർവീസുകൾക്ക് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തി.

എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ പ്രധാന വിമാനക്കമ്പനികൾ ഭൂരിഭാഗം അന്താരാഷ്ട്ര സർവീസുകളും തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും ചില വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. അബുദാബിയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളെയും ഇത് ഭാഗികമായി ബാധിച്ചു. ഇത്തിഹാദിന്റെ അബുദാബി-കൊച്ചി വിമാനവും വൈകിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയുടെ കുവൈത്ത്, ബഹ്റൈൻ, സൗദിയിലെ അബ്ഹ തുടങ്ങിയ പ്രാദേശിക റൂട്ടുകളിലെ ചില സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 24 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം, ഇറാനിയൻ എയർലൈനുകൾ യുഎഇയിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ യുഎഇയിലെ വാണിജ്യ വിമാന സർവീസുകൾ പൊതുവിൽ സാധാരണ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ സർവീസുകളും റദ്ദാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. സുരക്ഷ മുൻനിർത്തിയുള്ള താൽക്കാലിക എയർസ്‌പേസ് മാറ്റങ്ങളും സാങ്കേതിക പരിശോധനകളുമാണ് സമയമാറ്റത്തിന് കാരണം.

വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ എയർലൈനുകളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സെക്യൂരിറ്റി, ചെക്ക്-ഇൻ നടപടികൾക്കായി സാധാരണ സമയത്തേക്കാൾ മുൻകൂട്ടി വിമാനത്താവളങ്ങളിൽ എത്തുന്നതാണ് ഉചിതമെന്നും എയർലൈനുകൾ അറിയിച്ചിട്ടുണ്ട്.

Content Highlights: Airlines operating from UAE airports have reported schedule changes, delays and some cancellations amid the evolving security situation in West Asia. Passengers are advised to check the latest flight status with their airline before travelling to the airport.

To advertise here,contact us