ഒക്ടോബർ ഒന്ന് മുതൽ ദുബായിലെ വിവിധ റോഡുകളിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് ദുബായ് പൊലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) അറിയിച്ചു. എമിറേറ്റ്സ് റോഡിനെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗതാഗത തിരക്ക്, റോഡുകളുടെ പ്രാധാന്യം, പ്രദേശങ്ങൾ എന്നിവ പരിഗണിച്ചാണ് നിയന്ത്രണ സമയങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. അൽ ഖുദ്ര സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, എല്ലാ ക്രോസിംഗുകൾ, എയർപോർട്ട് ടണൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ 24 മണിക്കൂറും ട്രക്ക് പ്രവേശനത്തിന് വിലക്കുണ്ടാകും.
ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂത്ത് സ്ട്രീറ്റ് എന്നിവയ്ക്കൊപ്പം അൽ മിസ്ഹർ, മുഹൈസ്ന, ഔദ് അൽ മുതീന തുടങ്ങിയ താമസമേഖലകളിൽ രാവിലെ 6 മുതൽ രാത്രി 10 വരെ ദിവസവും 16 മണിക്കൂർ ട്രക്ക് ഗതാഗത നിയന്ത്രണം ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ഡമാസ്കസ് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ നിയന്ത്രണമുണ്ട്. രാവിലെ 6.30 മുതൽ 8.30 വരെ, ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ട്രക്കുകൾക്ക് നിയന്ത്രണമുണ്ടാകും. ട്രക്ക് ഡ്രൈവർമാർക്കും ചരക്ക് ഗതാഗത കമ്പനികൾക്കും പുതിയ നിയന്ത്രണങ്ങൾ, സമയക്രമം, ബദൽ റൂട്ടുകൾ എന്നിവയെക്കുറിച്ച് അറിയിക്കുന്നതിനായി ബോധവത്കരണ ക്യാംപയിൻ നടത്തുമെന്നും ആർടിഎ അറിയിച്ചു.
അത്യാവശ്യ സാഹചര്യങ്ങളിൽ നിയന്ത്രിത സമയങ്ങളിൽ ട്രക്കുകൾ ഓടിക്കേണ്ട കമ്പനികൾ ആർടിഎയുടെ വെബ്സൈറ്റിലൂടെ പ്രത്യേക അനുമതിക്കായി അപേക്ഷിക്കണം. മൊബിലിറ്റി പെർമിറ്റ് ഫോർ ഹെവി വെഹിക്കിൾസ് ഇൻ ബാൻഡ് ടെെംസ് ആൻഡ് റോഡ്സ് (Mobility Permit for Heavy Vehicles in Banned Times and Roads) സേവനം ഉപയോഗിച്ചാണ് അനുമതി നേടേണ്ടത്. ട്രക്ക് ഡ്രൈവർമാർക്കായുള്ള വിശ്രമകേന്ദ്രങ്ങളുടെ ശൃംഖലയും ആർടിഎ വിപുലീകരിക്കുകയാണ്. ആറ് പ്രധാന സ്ഥലങ്ങളിലായി പദ്ധതിയിട്ട 16 വിശ്രമകേന്ദ്രങ്ങളിൽ 14 എണ്ണം ഇതിനകം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഏഴ് കേന്ദ്രങ്ങളിലായി 364 പുതിയ പാർക്കിങ് സ്പേസ് കൂടി ഒരുക്കിയതോടെ പാർക്കിങ് ശേഷി 50 ശതമാനം വർധിച്ച് ആകെ 1,007 ഇടങ്ങളായി. സ്വകാര്യ മേഖലയുമായി സഹകരിച്ച് നാല് പുതിയ സ്ഥിരം വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
പ്രതിമാസം 1.5 ലക്ഷത്തിലധികം ട്രക്കുകൾ ഈ വിശ്രമകേന്ദ്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ദുബായിൽ ദിവസേന ഏകദേശം നാല് ലക്ഷം ട്രക്ക് യാത്രകളാണ് നടക്കുന്നതെന്നും ആർടിഎ വ്യക്തമാക്കി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ചുരുക്കാനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Dubai Police and the Roads and Transport Authority have announced new truck movement restrictions on several roads across the emirate from October 1 to improve traffic flow and road safety.