അനധികൃതമായി പെട്രോകെമിക്കൽ മാലിന്യങ്ങൾ പുറന്തള്ളിയ 18 പേർക്കെതിരെ നിയമനടപടി സ്വീകരിച്ച് ദുബായ് പൊലീസ്

മലിനജലവും പെട്രോകെമിക്കൽ മാലിന്യങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ അധികൃതർ അറിയിച്ചിട്ടുള്ള കേന്ദ്രങ്ങളിലും അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചും മാത്രമേ സംസ്കരിക്കാൻ പാടുള്ളുവെന്ന് ദുബായ് പൊലീസ് അറിയിച്ചു

അനധികൃതമായി മാലിന്യങ്ങൾ പുറന്തള്ളിയ 18 പേർക്കെതിരെ നിയമനടപടി സ്വീകരിച്ച് ദുബായ് പൊലീസ്. മലിനജലം, പെട്രോകെമിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ അധികൃതർ അനുവദിച്ച കേന്ദ്രങ്ങൾക്ക് പുറത്തേക്ക് തള്ളിയ സംഭവങ്ങളിലാണ് 18 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചത്. കൂടാതെ 17 ടാങ്കറുകൾ പിടിച്ചെടുത്തതായും ദുബായ് പൊലീസ് അറിയിച്ചു.

ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിന് കീഴിലുള്ള എൻവയോൺമെന്റൽ ക്രെെം സെക്ഷൻ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ദുബായ് മുനിസിപ്പാലിറ്റിയുടെയും ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലെെമറ്റ് ചേഞ്ച് അതോറിറ്റിയുടെയും സഹകരണത്തോടെയായിരുന്നു നടപടി. അപകടകരമായ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ കണ്ടെത്തുകയും നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. നിയമലംഘനത്തിന് ഉപയോഗിച്ച എല്ലാ ടാങ്കറുകളും അധികൃതർ പിടിച്ചെടുത്തു.

മലിനജലവും പെട്രോകെമിക്കൽ മാലിന്യങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ അധികൃതർ അറിയിച്ചിട്ടുള്ള കേന്ദ്രങ്ങളിലും അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചും മാത്രമേ സംസ്കരിക്കാൻ പാടുള്ളുവെന്ന് ദുബായ് പൊലീസ് നിർദേശിച്ചു. ഇതിന് വിരുദ്ധമായി മാലിന്യങ്ങൾ തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ആധികൃതർ മുന്നറിയിപ്പ് നൽകി. അപകടകരമായ മാലിന്യങ്ങളും മറ്റും കെെകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പരിസ്ഥിതി, പൊതുജനങ്ങൾ തുടങ്ങളിയവയെയും സംരക്ഷിക്കണമെന്നും ദുബായ് പൊലീസ് നിർദേശിച്ചു. കൂടാതെ മാലിന്യസംസ്കരണം കൂടുതൽ ഉത്തരവാദിത്വത്തോടെ മാത്രമെ ചെയ്യാവു എന്നും കൂട്ടിച്ചേർത്തു.

Content Highlights: Dubai Police have taken legal action against 18 individuals and seized 17 tankers after uncovering illegal disposal of petrochemical and other harmful waste materials outside approved sites in the emirate.

To advertise here,contact us