ഗാസയിലേക്ക് ഭക്ഷണപ്പൊതികൾ നല്‍കുന്ന സംരംഭം; ഷെയ്ഖ് അഹമ്മദിൻ്റെ പേര് നൽകി പുനർനാമകരണം ചെയ്തു

ദാനശീലം, അനുകമ്പ തുടങ്ങിയ ഷെയ്ഖ് അഹമ്മദിന്റെ ശീലങ്ങള്‍ എല്ലാ കാലവും ഓര്‍മിക്കുന്നതിന് കൂടി ഈ പുനര്‍നാമകരണം സഹായിക്കും

അന്തരിച്ച ദുബായ് രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് ആദരവുമായി യുഎഇ. ഗാസയിലേക്ക് നല്‍കുന്ന ഒരു കോടിയിലധികം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്ന യുഎഇയുടെ പ്രധാന മാനുഷിക സംരംഭത്തിന്റെ പേര് 'അഹമ്മദ് ബിന്‍ റാശിദ് ഹ്യുമാനിറ്റേറിയന്‍ ബ്രിഡ്ജ്' എന്ന് പുനര്‍നാമകരണം ചെയ്തു. ഇതിന്റെ ഭാഗമായി നാളെ ദുബായ് വേള്‍ഡ് ട്രേഡ് സെന്റില്‍ കമ്മ്യൂണിറ്റ് ഇവന്റ് നടക്കും.

ദാനശീലം, അനുകമ്പ തുടങ്ങിയ ഷെയ്ഖ് അഹമ്മദിന്റെ ശീലങ്ങള്‍ എല്ലാ കാലവും ഓര്‍മിക്കുന്നതിന് കൂടി ഈ പുനര്‍നാമകരണം സഹായിക്കും. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവും (MBRGI) യുഎഇയിലെ ഓപ്പറേഷന് ചിവല്‍റോസ് നൈറ്റ് 3യുമായി ചേര്‍ന്നാണ് ഗാസയിലേക്കുള്ള സഹായം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് കൂടിയായിരുന്ന ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചത്. മരണത്തെ തുടര്‍ന്ന് ദുബായില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ എമിറേറ്റിലുടനീളം ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ദുബായുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി ചീഫായും അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ മകനാണ് അദ്ദേഹം. യുകെയിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ദുബായിലെ സെന്‍ട്രല്‍ മിലിട്ടറി റീജിയനില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് അതിന്റെ കമാന്‍ഡറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ സൈനിക കേന്ദ്രം യുഎഇയിലെ പ്രധാന സൈനിക സംവിധാനങ്ങളിലൊന്നായി വികസിച്ചു.

ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് സ്ഥാപിക്കുന്നതിലും പ്രവര്‍ത്തനം ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1988ല്‍ ക്ലബിന്റെ ആദ്യ ചെയര്‍മാനായി ചുമതലയേറ്റു. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇന്റര്‍നാഷണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് സംഘടനയായ UIM (Union Internationale Motonautique)ല്‍ അംഗമായ ആദ്യ ക്ലബായി ഇത് മാറി. 1989ല്‍ ദുബായിലെ സമുദ്ര കായികരംഗത്തിന്റെ വളര്‍ച്ചയില്‍ വിക്ടറി ടീമിന്റെ രൂപീകരണത്തിന് നല്‍കിയ പിന്തുണയും ശ്രദ്ധേയമായിരുന്നു.

Content Highlights: The UAE has renamed its major humanitarian initiative providing more than 10 million food parcels to Gaza as the Ahmed bin Rashid Humanitarian Bridge, honoring the late Dubai royal family member Sheikh Ahmed bin Rashid Al Maktoum.

To advertise here,contact us