ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ മുന്നിലെത്തി യുഎഇ നഗരങ്ങൾ. ലണ്ടനിൽ നടന്ന 'ദി ഒബ്സർവർ എഐ ഫോറത്തിന്' മുന്നോടിയായി പുറത്തുവിട്ട ആഗോള എഐ നഗരങ്ങളുടെ സൂചികയിലാണ് യുഎഇ നഗരങ്ങൾ നേട്ടം സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള 57 പ്രമുഖ നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള പട്ടികയിൽ അബുദാബി 11-ാം സ്ഥാനത്തും ദുബായ് 14-ാം സ്ഥാനത്തും എത്തി.
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതിൽ തുടക്കം മുതലേ പുരോഗമനപരമായ നിലപാടാണ് യുഎഇ സ്വീകരിച്ചിട്ടുള്ളത്. 2017-ൽ എഐ സാങ്കേതികവിദ്യയ്ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ഒമർ സുൽത്താൻ അൽ ഒലാമയെ മന്ത്രിയായി നിയമിക്കുകയും ചെയ്ത രാജ്യങ്ങളിലൊന്നാണ് യുഎഇ. സ്വകാര്യ നിക്ഷേപം, പൊതുമേഖലാ നിക്ഷേപം, വാണിജ്യ അന്തരീക്ഷം, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, വികസനം എന്നീ ആറ് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒബ്സർവർ സിറ്റീസ് ഇൻഡക്സ് റാങ്കിംഗ് തയ്യാറാക്കിയത്.
പൊതുമേഖലാ നിക്ഷേപത്തിലും വ്യക്തിഗത നിക്ഷേപത്തിലും ലോകത്തിലെ ആദ്യ 10 നഗരങ്ങളിൽ ഇടംനേടാൻ അബുദാബിക്ക് സാധിച്ചു. പ്രവർത്തനാന്തരീക്ഷത്തിന്റെ കാര്യത്തിൽ പ്രമുഖ സാങ്കേതിക നഗരങ്ങളായ സാൻ ഫ്രാൻസിസ്കോ, സിംഗപ്പൂർ എന്നിവയെപ്പോലും പിന്നിലാക്കി ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നാകാനും അബുദാബിക്കായി. എന്നാൽ വാണിജ്യ ശൃംഖലയുടെ കാര്യത്തിൽ 30-ാം സ്ഥാനത്തും ഗവേഷണ രംഗത്ത് 27-ാം സ്ഥാനത്തുമാണ് അബുദാബി.
പൊതുമേഖലാ നിക്ഷേപത്തിൽ ആഗോളതലത്തിൽ നാലാം റാങ്ക് നേടി ദുബായും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. എന്നാൽ സ്വകാര്യ നിക്ഷേപത്തിൽ 42-ാം സ്ഥാനത്തും ഗവേഷണ മേഖലയിൽ 57-ാം സ്ഥാനത്തുമാണ് ദുബായ് എത്തിയിട്ടുള്ളത്. രണ്ട് നഗരങ്ങളും മികച്ച നേട്ടം കൈവരിച്ചെങ്കിലും കൃത്രിമബുദ്ധി മേഖലയിൽ പൂർണ്ണമായ ആഗോള ആധിപത്യം ഉറപ്പിക്കുന്നതിനായി ഗവേഷണത്തിലും വാണിജ്യ അന്തരീക്ഷത്തിലും കൂടുതൽ മുന്നേറ്റം നടത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: UAE cities are advancing their use of artificial intelligence across various sectors, strengthening their position in global technology and smart-city development. The adoption of AI is supporting digital transformation and the delivery of technology-driven urban services.