ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; യുഎസ് ഉപരോധത്തിന് പിന്നാലെ സർവീസുകൾ നിർത്തി

സെപ്റ്റംബർ 23 മുതൽ ഇറാനിയൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെടുമെന്ന് ഈ ആഴ്ച ആദ്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിരുന്നു

ഇറാനിയൻ വിമാനക്കമ്പനികൾ യുഎഇയിലേക്കും തിരിച്ചും നടത്തുന്ന എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 24 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് തുടർന്നുള്ള അറിയിപ്പുണ്ടാകുന്നതുവരെ പ്രാബല്യത്തിലുണ്ടാകും. ലോകമെമ്പാടുമുള്ള എയർപോർട്ടുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ വിമാനക്കമ്പനികൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ജിസിഎഎ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെയുള്ള വിവരങ്ങൾ പൊതുജനങ്ങളെ കൃത്യമായി അറിയിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.

സെപ്റ്റംബർ 23 മുതൽ ഇറാനിയൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെടുമെന്ന് ഈ ആഴ്ച ആദ്യം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുകയോ, ലാൻഡിംഗ് സേവനങ്ങൾ ലഭ്യമാക്കുകയോ, ടിക്കറ്റുകൾ വിൽക്കുകയോ ചെയ്യുന്ന രാജ്യങ്ങൾക്കോ സ്ഥാപനങ്ങൾക്കോ യുഎസ് ഡോളർ അധിഷ്ഠിത സാമ്പത്തിക ഇടപാടുകളിൽ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് പ്രമുഖ വാർത്താ ചാനലായ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടെഹ്‌റാനുമേൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാലങ്ങളായി തുടരുന്ന ഉപരോധങ്ങൾ കാരണം വിമാനങ്ങൾ വാങ്ങുന്നതിനും സ്പെയർ പാർട്സുകൾ ലഭിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും ഇറാൻ്റെ വ്യോമയാന മേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ വർഷം ഫെബ്രുവരി അവസാനത്തോടെ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇന്ധന ഗതാഗതത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരുന്നു. ഇത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നതിനും മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിക്കുന്നതിനും വഴിവെച്ചു.

ഇതിനുപിന്നാലെയാണ് മുമ്പ് ഉപരോധത്തിൽ ഉൾപ്പെടാതിരുന്ന ബാക്കിയുള്ള മുഴുവൻ ഇറാനിയൻ വിമാനക്കമ്പനികൾക്കും, ഇറാന് പുറത്ത് പ്രവർത്തിക്കുന്ന വ്യോമയാന സഹായ സ്ഥാപനങ്ങൾക്കും യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ ഉപരോധം ഏർപ്പെടുത്തിയത്. ഇറാനെ സാമ്പത്തികമായി തളർത്താൻ "ഇക്കണോമിക് ഡി-ഡേ" (Economic D-Day) പ്രഖ്യാപിക്കുമെന്ന് സ്കോട്ട് ബെസ്സന്റ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ പ്രധാന സാമ്പത്തിക, നയതന്ത്ര പങ്കാളിയായ ചൈനയുടെ ഉപപ്രധാനമന്ത്രി ഹെ ലിഫെംഗുമായി ബെസ്സന്റ് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിർണായക നീക്കം നടപ്പിലാക്കിയത്.

Content Highlights: The UAE has suspended services involving Iranian airlines following new US sanctions targeting Iran. The move has affected flight operations between the UAE and Iran, with services being halted amid the latest restrictions.

To advertise here,contact us