യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലും ദുബായ് മെട്രോയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി അധികൃതർ. സെപ്റ്റംബർ 30 മുതൽ ഇത്തിഹാദ് റെയിൽ ദുബായിൽ നിന്ന് സർവീസ് ആരംഭിക്കുന്നതോടെയാണ് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുങ്ങുന്നത്. ദുബായ് അൽ യലായിസ് (Al Yalayis) സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ വഴി ദുബായ് മെട്രോയുടെ റെഡ് ലൈനിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കും.
രണ്ട് സ്റ്റേഷനുകളെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പ്രത്യേക കാൽനടപ്പാലവും നിർമ്മിച്ചുവരികയാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ഈ കണക്റ്റിവിറ്റി നിലവിൽ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ സഹായമില്ലാതെ തന്നെ അബുദാബി, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ നിന്ന് ട്രെയിനിൽ എത്തുന്നവർക്ക് ബിസിനസ് ബേ, ബുർജ് ഖലീഫ/ദുബായ് മോൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് എയർപോർട്ട് തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാത്തടസ്സമില്ലാതെ സഞ്ചരിക്കാം.
ദുബായ് മെട്രോയിലെ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷനായ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് വഴിയാണ് ഈ കണക്റ്റിവിറ്റി സാധ്യമാകുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തോളം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഷൻ വഴി യാത്രക്കാർക്ക് ഗ്രീൻ ലൈനിലേക്കും ദുബായ് ട്രാമിലേക്കും വഴിമാറി യാത്ര തുടരാനാകും. ദുബായിൽ നിന്നുള്ള യാത്രക്കാർക്ക് മെട്രോയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെത്തി അൽ യലായിസ് സ്റ്റേഷൻ വഴി അബുദാബിയിലേക്കോ ഫുജൈറയിലേക്കോ ഉള്ള ഇത്തിഹാദ് റെയിൽ ട്രെയിനുകളിൽ കയറാനും സൗകര്യമുണ്ടാകും.
ഭാവിയിൽ ഇത്തിഹാദ് റെയിലിലെ യാത്രയും ടിക്കറ്റിംഗും പൂർണ്ണമായും സംയോജിപ്പിക്കാനാണ് പദ്ധതി. ഇത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിംഗിനും പണമടയ്ക്കലിനും 'നോൾ' (Nol) കാർഡ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി ആർ.ടി.എയും ഇത്തിഹാദ് റെയിലും തമ്മിൽ മുൻപ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഒറ്റ ശൃംഖലയായി ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള യാത്രക്കാരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
Content Highlights: The integration of Etihad Rail with Dubai Metro is expected to improve connectivity for passengers travelling to destinations across Dubai. The link will provide easier access between the rail network and the city’s public transport system.