ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഹാജർനില നിരീക്ഷിക്കുന്നതിൽ കർശന നടപടികളുമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്ന ഓരോ ദിവസവും കുട്ടികളുടെ പഠന പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ നിരീക്ഷണം ശക്തമാക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ തുടർച്ചയായി അവധിയെടുത്താൽ കുട്ടിയുടെ സ്കൂൾ അഡ്മിഷൻ വരെ റദ്ദാക്കാമെന്ന് കെഎച്ച്ഡിഎ മുന്നറിയിപ്പ് നൽകി.
സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കെഎച്ച്ഡിഎ പുതിയ ഹാജർ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് 98 ശതമാനമോ അതിന് മുകളിലോ ഹാജറുള്ള സ്കൂളുകൾക്ക് 'ഔട്ട്സ്റ്റാൻഡിംഗ്' റേറ്റിംഗ് നൽകും. എന്നാൽ ഹാജർനില 90 ശതമാനത്തിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ സ്കൂളുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
അസുഖം മൂലമെടുക്കുന്ന അവധികൾക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കൽ നിർബന്ധമാണ്. അഞ്ച് ദിവസത്തിൽ കൂടുതൽ നീളുന്ന അവധികൾക്ക് ശേഷം കുട്ടി വീണ്ടും സ്കൂളിലെത്തുമ്പോൾ, സ്കൂൾ ക്ലിനിക്കിലെ പരിശോധനയും മുൻകൂർ അനുമതിയും വാങ്ങിയിരിക്കണം.
കുട്ടി സ്കൂളിൽ ഹാജരാകാതിരിക്കുകയും തുടർച്ചയായി രണ്ട് ദിവസം രക്ഷിതാക്കളിൽ നിന്ന് വിവരമൊന്നും ലഭിക്കാതിരിക്കുകയും ചെയ്താൽ, ഈ കേസ് സ്കൂളിലെ 'സേഫ്ഗാർഡിംഗ് ടീമിന്' കൈമാറും. മൂന്നാം ദിവസവും രക്ഷിതാക്കളെ ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിൽ കുട്ടിയുടെ സുരക്ഷ മുൻനിർത്തി സ്കൂളുകൾ പുറത്തുള്ള സുരക്ഷാ ഏജൻസികളെ വിവരമറിയിക്കും.
കൃത്യവും തക്കതായതുമായ കാരണങ്ങളില്ലാതെ ഒരു അധ്യയന വർഷത്തിൽ തുടർച്ചയായി 20 ദിവസങ്ങളോ അല്ലെങ്കിൽ ആകെ 25 ദിവസങ്ങളോ വിട്ടുനിന്നാൽ കുട്ടിയുടെ അഡ്മിഷൻ റദ്ദാക്കാൻ സ്കൂളുകൾക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. അതിനാൽ കുട്ടികളുടെ അവധികൾ കൃത്യസമയത്ത് തന്നെ സ്കൂൾ അധികൃതരെ അറിയിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
Content Highlights: Dubai private schools are enforcing stricter attendance requirements, with schools able to take action against students who remain absent without notification. In certain cases, prolonged unexplained absence may lead to cancellation of a student’s admission.