ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം നേടി യുഎഇ. പ്രമുഖ ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ആർതർ ഡി ലിറ്റിൽ (Arthur D Little) പുറത്തുവിട്ട 2026-ലെ ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സിലാണ് 53 പോയിന്റുകൾ നേടി യുഎഇ ജിസിസി രാജ്യങ്ങളിൽ മുന്നിലെത്തിയത്. ആഗോളതലത്തിൽ 22-ാം സ്ഥാനത്താണ് യുഎഇ.
കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ ഒമ്പത് ശതമാനവും ഇലക്ട്രിക് അഥവാ ഹൈബ്രിഡ് വാഹനങ്ങളാണ്. റിപ്പോർട്ട് പ്രകാരം ഇതിൽ ആറ് മുതൽ എട്ട് ശതമാനം വരെ പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബിഇവികളും 2.5 ശതമാനം പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുമാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഈ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
ഇവി അഡോപ്ഷൻ വേഗത്തിലാക്കുന്നതിനായി രാജ്യത്തുടനീളമുള്ള ചാർജിംഗ് ശൃംഖല 2,800 പോയിന്റുകളായി അധികൃതർ വിപുലീകരിച്ചിട്ടുണ്ട്. ഇതിൽ 1,250 എണ്ണം വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന ഫാസ്റ്റ് ചാർജിങ് പോയിന്റുകളാണ്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിച്ചതോടെ കൂടുതൽ ആളുകൾ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാൻ താത്പര്യം കാണിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ വൻ പദ്ധതികളാണ് യുഎഇ ലക്ഷ്യമിടുന്നത്. 2050-ഓടെ രാജ്യത്തെ നിരത്തുകളിലിറങ്ങുന്ന ആകെ വാഹനങ്ങളിൽ 50 ശതമാനവും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആക്കി മാറ്റാനാണ് സർക്കാരിൻ്റെ തീരുമാനം. കൂടാതെ 2030-ഓടെ ദുബായിലെ വാഹനങ്ങളുടെ 15 ശതമാനത്തിലധികം ഇവികളാക്കി മാറ്റാനും പദ്ധതിയിടുന്നു.
അതേസമയം, ഇലക്ട്രിക് വാഹന ഉപയോഗത്തിൽ ചൈനയും നോർവേയുമാണ് ആഗോളതലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഓരോ രാജ്യത്തിന്റെയും വിപണി സാഹചര്യങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി വൈവിധ്യമാർന്ന രീതിയിലാണ് ലോകമെമ്പാടും ഇവി വിപ്ലവം മുന്നേറുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Highlights: The UAE has secured the top position in the Gulf for electric vehicle usage and ranks 22nd globally. The ranking highlights the country’s growing adoption of electric vehicles as part of its evolving transport sector.