മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’ തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

മുഖവും ശബ്ദവും കണ്ട് മാത്രം വിശ്വസിക്കരുത്; ഡീപ്പ്ഫേക്ക് തട്ടിപ്പുകളിൽ വീഴരുതെന്ന് ദുബായ് ഇമിഗ്രേഷൻ

സമൂഹമാധ്യമങ്ങളിൽ കാണുന്ന വീഡിയോകളും കേൾക്കുന്ന ശബ്ദസന്ദേശങ്ങളും യഥാർഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷൻ വകുപ്പ് (GDRFA). കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന 'ഡീപ്പ്ഫേക്ക്' ദൃശ്യങ്ങളും ശബ്ദങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജിഡിആർഎഫ്എ ബോധവത്ക്കരണ വീഡിയോ പുറത്തുവിട്ടത്.

ജിഡിആർഎഫ്എ ഉദ്യോഗസ്ഥൻ തന്നെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രായോഗികമായി കാണിച്ചുകൊണ്ടാണ് ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. സ്വന്തം ശബ്ദവും സംസാരിക്കുന്ന ഭാഷയും ദൃശ്യങ്ങളുടെ പശ്ചാത്തലവുമെല്ലാം നിമിഷനേരം കൊണ്ട് വ്യത്യസ്ത രീതികളിലേക്ക് മാറ്റി, യഥാർഥമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന വീഡിയോകൾ എത്ര എളുപ്പത്തിലാണ് നിർമിക്കാനാവുക എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തുന്നു.

ഒരാൾ പറയാത്ത കാര്യങ്ങൾ അയാളുടെ തന്നെ ശബ്ദത്തിലും സംസാരശൈലിയിലും കേൾപ്പിക്കാനും ഇല്ലാത്ത സ്ഥലങ്ങളിൽ നിൽക്കുന്നതായി ദൃശ്യങ്ങൾ സൃഷ്ടിക്കാനും ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ സാധിക്കും. പ്രമുഖ വ്യക്തികളുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സ്ഥാപന പ്രതിനിധികളുടെയോ മുഖവും ശബ്ദവും ദുരുപയോഗം ചെയ്ത് അവർ നേരിട്ട് നൽകുന്ന സന്ദേശമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നത്. പരിചയമുള്ള മുഖവും ശബ്ദവും കാണുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന സ്വാഭാവികമായ വിശ്വാസമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

ഇത്തരത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ശേഷം വ്യാജ വെബ്‌സൈറ്റ് ലിങ്കുകളിലേക്ക് നയിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പുകാരുടെ രീതി. തുടർന്ന് വൻ സാമ്പത്തിക തട്ടിപ്പുകൾക്കും ഇവർ വഴിതുറക്കുന്നു. അതിനാൽ ഒരു വീഡിയോയിൽ കാണുന്ന വ്യക്തിയെയോ കേൾക്കുന്ന ശബ്ദത്തെയോ മാത്രം അടിസ്ഥാനമാക്കി സന്ദേശങ്ങളുടെ ആധികാരികത ഉറപ്പിക്കരുതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.

കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കാതെ ഔദ്യോഗിക ഉറവിടങ്ങൾ വഴി സ്ഥിരീകരിക്കുകയാണ് ഏക പോംവഴി. സംശയസ്പദമായ വീഡിയോകളോ സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ മുഖേന സത്യവസ്ഥ ഉറപ്പാക്കിയ ശേഷം മാത്രം പ്രതികരിക്കണമെന്നും മറ്റുള്ളവരിലേക്ക് പങ്കുവെക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Content Highlights: Dubai Immigration has warned people to remain cautious of deepfake scams, stressing that faces and voices alone should not be treated as proof of identity. The advisory highlights the need to verify information through reliable channels.

To advertise here,contact us