ദുബായ് വിപണിയിൽ സ്വർണ്ണവില താഴേക്ക്; ഒരാഴ്ചയ്ക്കിടെ ഒമ്പത് ദിർഹത്തിന്റെ ഇടിവ്

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്ന ഭയം ആഗോളതലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്

സ്വർണ്ണപ്രേമികൾക്ക് ആശ്വാസമേകി ദുബായ് വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ഒമ്പത് ദിർഹത്തിലധികമാണ് കുറഞ്ഞത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും ആഗോള വിപണിയിൽ എണ്ണവിലയിലുള്ള അനിശ്ചിതത്വവുമാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

വ്യാഴാഴ്ച വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 517 ദിർഹമായിരുന്നു നിരക്ക്. മറ്റ് വിഭാഗങ്ങളിൽ 22 കാരറ്റ് സ്വർണ്ണത്തിന് 478.75 ദിർഹവും 21 കാരറ്റിന് 459 ദിർഹവും 18 കാരറ്റിന് 393.5 ദിർഹവുമാണ് വിപണിവില. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,291.3 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഔൺസിന് 64.28 ഡോളറായും കുറഞ്ഞിട്ടുണ്ട്.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്ന ഭയം ആഗോളതലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനൊപ്പം ഡോളർ കരുത്താർജ്ജിച്ചതും യു.എസ് ബോണ്ട് ഈൽഡുകളിലുണ്ടായ വളർച്ചയും സ്വർണ്ണവില പെട്ടെന്ന് ഉയരുന്നതിന് തടസ്സമാകുന്നുണ്ട്. എന്നിരുന്നാലും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള വലിയ തോതിലുള്ള ആവശ്യകതയും സ്വർണ്ണ ഇടിഎഫുകളിലേക്ക് (ETF) നിക്ഷേപകർ കാട്ടുന്ന താൽപ്പര്യവും വിപണിക്ക് താങ്ങായി നിലകൊള്ളുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

തൽക്കാലത്തേക്ക് സ്വർണ്ണവിലയിൽ വലിയ കുതിച്ചുചാട്ടമോ വൻ ഇടിവോ ഉണ്ടാകില്ലെന്നും ഒരു നിശ്ചിത പരിധിക്കുള്ളിൽ തന്നെ നിരക്കുകൾ തുടരാനാണ് സാധ്യതയെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർക്കുന്നു. വരും ദിവസങ്ങളിലെ ആഗോള സാമ്പത്തിക നീക്കങ്ങൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ നിർണായകമാകും.

Content Highlights: Gold prices in Dubai have moved lower, recording a decline of nine dirhams over the past week. The change comes amid fluctuations in the international gold market and regional trading conditions.

To advertise here,contact us