ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ തടസ്സപ്പെട്ടേക്കാം; പ്രവാസികൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎഇ

ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ സമരം നടക്കുന്നത്

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഈ മാസം അവസാനത്തോടെ പണമിടപാടുകളിൽ കാലതാമസം നേരിട്ടേക്കാം. ബാങ്ക് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് കാരണം സെപ്റ്റംബർ 28 മുതൽ 30 വരെ ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണിത്. അതിനാൽ അടിയന്തര ആവശ്യങ്ങൾക്കുള്ള പണം മുൻകൂട്ടി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് ബാങ്കിംഗ് അധികൃതർ നിർദ്ദേശിച്ചു.

ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ സമരം നടക്കുന്നത്. ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തിദിനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയും പ്രോസസ്സിംഗും ആവശ്യമുള്ള അന്താരാഷ്ട്ര പണമിടപാടുകളെയായിരിക്കും സമരം പ്രധാനമായും ബാധിക്കുക.

സെപ്റ്റംബർ 26 ശനിയാഴ്ച ബാങ്കുകൾക്ക് സാധാരണ അവധിയാണ്. തുടർന്നുള്ള ദിവസങ്ങളിലാണ് സമരം നടക്കുന്നത്. എന്നാൽ ഇടപാടുകാരുടെയും പ്രവാസികളുടെയും ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി റിസർവ് ബാങ്കും ധനമന്ത്രാലയവും ഇടപെട്ട് സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

സമര ദിവസങ്ങളിലും എടിഎം, യുപിഐ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ടിവരുന്ന വിദേശ പണമയക്കലുകൾ പൂർത്തിയാകാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം.

അതുകൊണ്ട് തന്നെ അടിയന്തര ആവശ്യങ്ങൾക്കുള്ള പണം പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപ് തന്നെ അയക്കാൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, പണം അയക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ബാങ്കോ എക്സ്ചേഞ്ച് ഹൗസോ നൽകുന്ന ഡെലിവറി സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

Content Highlights: The UAE has advised expatriates to take precautions as money transfers to India could face disruptions. The advisory concerns possible interruptions to remittance services used by expatriates to send funds to India. People using such services have been urged to plan their transfers accordingly and monitor updates from relevant authorities and financial service providers.

To advertise here,contact us