യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്ക് മില്ലി ഇറാന്റെ (Bank Melli Iran) ശാഖകൾക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനും ആയുധ നിർമ്മാണത്തിനുമായി പണം കണ്ടെത്തൽ എന്നിവ തടയുന്നതിനുള്ള കർശന നിയമങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി.
വിശദമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര ബാങ്ക് ഗവർണർക്ക് ലഭിച്ച പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് പുതിയ വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്ക് മില്ലി ഇറാന്റെ ഒരു ശാഖയ്ക്കും ഇനി മുതൽ ഇറാനിലേക്ക് നേരിട്ടോ തിരിച്ചോ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താൻ സാധിക്കില്ല. വ്യാപാര ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങളും ഫണ്ട് ട്രാൻസ്ഫറുകളും ഈ വിലക്കിന്റെ പരിധിയിൽ വരും.
രാജ്യത്തെ സാമ്പത്തിക മേഖലയുടെ സുതാര്യതയും ഭദ്രതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം കർശന നിലപാടുകൾ സ്വീകരിക്കുന്നതെന്ന് യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: The UAE has taken regulatory action against branches of Bank Melli Iran over alleged violations of the country’s anti money laundering requirements. The action relates to compliance with financial regulations and obligations intended to prevent money laundering and related financial activities. Further details concern the specific violations and measures imposed by UAE authorities.