യുഎഇയിലെ ബാങ്കിംഗ് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഈ വർഷാവസാനത്തോടെ സജ്ജമാകും. ബാങ്കുകളിൽ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് തുടങ്ങിയ രേഖകളുടെ കാലാവധി തീരുമ്പോൾ ഇനി ഓരോ ബാങ്കിലും വെവ്വേറെ രേഖകൾ സമർപ്പിക്കേണ്ടതില്ല. ഔദ്യോഗിക സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ നേരിട്ട് ശേഖരിച്ച് സ്വയം പുതുക്കുന്ന രീതിയിലാണ് ഈ പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കുക.
യുഎഇ ബാങ്ക്സ് ഫെഡറേഷൻ ഡയറക്ടർ ജനറൽ ജമാൽ സലേയാണ് 'സീംലസ് മിഡിൽ ഈസ്റ്റ്' പ്രദർശന വേദിയിൽ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. യുഎഇ സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ ഫെഡറേഷനും മറ്റ് പങ്കാളികളും ചേർന്ന് നടപ്പിലാക്കുന്ന വിപുലമായ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണിത്. വിവരങ്ങൾ അതിന്റെ ഔദ്യോഗിക ഉറവിടത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്ന 'ഗോൾഡൻ സോഴ്സ്' തത്ത്വാധിഷ്ഠിതമായാണ് സിസ്റ്റം പ്രവർത്തിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഓരോ തവണ രേഖകൾ പുതുക്കുമ്പോഴും ഉണ്ടാകുന്ന ആവർത്തന നടപടികൾ പൂർണ്ണമായും ഒഴിവാക്കാനാകും. കൂടാതെ, ഒന്നിലധികം ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോക്താക്കൾക്ക് ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. യുഎഇയുടെ അത്യാധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം.
ഇതിന് പുറമെ, യുഎഇയുടെ സ്വന്തം ദേശീയ പേയ്മെന്റ് കാർഡ് ശൃംഖലയായ 'ജയ്വാൻ' (Jaywan), സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസി പദ്ധതികൾ എന്നിവയും രാജ്യത്തെ പേയ്മെന്റ് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജമാൽ സലേ വ്യക്തമാക്കി. ഇടനിലക്കാരുടെയും അധിക ഫീസുകളുടെയും ഭാരമില്ലാതെ കുറഞ്ഞ ചെലവിൽ തടസ്സമില്ലാത്ത അന്താരാഷ്ട്ര പണമിടപാടുകൾ സാധ്യമാക്കാൻ ഈ മുന്നേറ്റങ്ങൾ വഴിതുറക്കും. പണമിടപാടുകളിൽ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ സംവിധാനം.
Content Highlights: UAE banks are expanding digital options for customers to update personal and financial information remotely. Digital KYC services allow customers to review required details and upload documents such as Emirates ID, passport, visa and proof of address without necessarily visiting a branch.