ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിക്ക് നേട്ടം. സെപ്റ്റംബറിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർ വിജയികളായി. 25,000 ദിർഹം വീതമാണ് സമ്മാനം.
കേരളത്തിൽ നിന്നുള്ള ഷെരീഫ് നെഷുകിൽ (Shereef Nheshukil) ആണ് ആ ഭാഗ്യം തുണച്ച മലയാളി. ബിസിനസുകാരനായ ഷെരീഫ് കഴിഞ്ഞ 20 വർഷമായി അബുദാബിയിൽ താമസിക്കുകയാണ്. തന്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റെടുത്തത്. മുൻപ് പലതവണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താൻ വിജയിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സുഹൃത്ത് സംഘത്തിന് ഇത് വളരെ സന്തോഷം തരുന്ന നിമിഷമാണെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് സ്വദേശിയായ ജസ്വീന്ദർ സിംഗാണ് മറ്റൊരു വിജയി. 20 വർഷമായി ഷാർജയിൽ താമസിക്കുന്ന 48 കാരനായ ഇദ്ദേഹം മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ്. പത്ത്പേർക്കൊപ്പമാണ് ഇദ്ദേഹവും ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്. വിജയിയായതിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊസ്താകിൻഷാ ബില്ലയാണ് മറ്റൊരു വിജയി. കഴിഞ്ഞ പത്ത് വർഷമായി അജ്മാനിൽ താമസിക്കുന്ന ഇദ്ദേഹം ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയാണ്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും താൻ അതിയായ സന്തോഷവാനാണെന്നും അദ്ദേഹവും പറഞ്ഞു.
നേപ്പാൾ സ്വദേശിയായ ഖും ബഹദൂർ റാണയാണ് മറ്റൊരു വിജയി. 43 കാരനായ ഇദ്ദേഹം കഴിഞ്ഞ 19 വർഷമായി ദുബായിൽ ഓട്ടോ സ്പെയർപാർട്ട്സ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. സുഹൃത്തുക്കളായ 15 പേരുടെ കൂടെയാണ് ഇദ്ദേഹം ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും വിജയിയായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹവും പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തിലെ ഗ്രാൻഡ് പ്രെെസ് 20 മില്യൺ ദിർഹമാണ്. ഈ ലെെവ് ഡ്രോ ഒക്ടോബർ മൂന്നിനാണ് നടക്കുന്നത്.
Content Highlights: Big Ticket’s second weekly e-draw for September named four winners, including Abu Dhabi-based Malayali businessman Shareef Neshukil, with each receiving Dh25,000