യുഎഇയിൽ വ്യാജ സ്വദേശിവത്ക്കരണത്തിനെതിരെ നടപടി കർശനമാക്കി മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. 2026-ന്റെ ആദ്യ പകുതിയിൽ 377 വ്യാജ എമിറേറ്റൈസേഷൻ കേസുകളാണ് മന്ത്രാലയം കണ്ടെത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
യുഎഇ പൗരന്മാർക്ക് യഥാർത്ഥ ജോലിയോ ഉത്തരവാദിത്തങ്ങളോ നൽകാതെ, സർക്കാർ മാനദണ്ഡങ്ങൾ മറികടക്കാൻ വേണ്ടി മാത്രം കടലാസിൽ നിയമനം നടത്തുന്നതാണ് വ്യാജ സ്വദേശിവത്ക്കരണം. യുഎഇ തൊഴിൽ വിപണി ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന ഇത്തരം രീതികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് മന്ത്രാലയം നിലപാട്. ഇത്തരം തട്ടിപ്പുകൾ തൊഴിൽ വിപണിയെയും യഥാർത്ഥ തൊഴിലന്വേഷകരുടെ അവസരങ്ങളെയും പ്രതികൂലമായി ബാധിക്കും. ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനവും ഫീൽഡ് പരിശോധനകളും വഴിയാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
266 സ്വകാര്യ കമ്പനികൾക്കെതിരെ 377 വ്യാജ സ്വദേശിവത്ക്കരണ കേസുകൾ മന്ത്രാലയം രജിസ്റ്റർ ചെയ്തു. സ്വദേശി പ്രതിഭകളെ വളർത്തിയെടുക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള തിരിച്ചടിയാണിത്. കഴിഞ്ഞ വർഷം 113 പൗരന്മാരെ വ്യാജ തസ്തികകളിൽ നിയമിച്ച കമ്പനിക്ക് 10 ദശലക്ഷം ദിർഹം മന്ത്രാലയം പിഴ ചുമത്തിയിരുന്നു.
സ്വകാര്യ മേഖലയിൽ പ്രൊഡക്ടീവായ ഒരു തൊഴിൽ സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് സ്വദേശിവത്ക്കരണ നയത്തിന്റെ പ്രധാന ലക്ഷ്യം. കമ്പനികളും പൗരന്മാരും നിയമാവലികൾ പൂർണ്ണമായും പാലിക്കണമെന്നും സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയത്തിന്റെ ഹോട്ട്ലൈനോ ആപ്പോ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: The UAE Ministry of Human Resources and Emiratisation detected 377 cases of fake Emiratisation across 266 private-sector companies during the first half of 2026. Legal action has been initiated against the companies involved, while authorities stressed that the identified cases remain limited within the labour market.