ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മയ്യിത്ത് നിസ്‌കാരം ഇന്ന്

സബീല്‍ ഗ്രാന്‍ഡ് പള്ളിയില്‍ വെച്ച് ഒരു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും

അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക്. സബീല്‍ ഗ്രാന്‍ഡ് പള്ളിയില്‍ വെച്ച് ഒരു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് വൈകിട്ട് നാല് മണി മുതല്‍ മഗ്‌രിബ് നിസ്‌കാരം വരെയുള്ള സമയത്ത് സബീല്‍ മജ്‌ലിസില്‍ അനുശോചനം അറിയിക്കാനുള്ള അവസരമുണ്ടായിരിക്കും.

ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മണി മുതല്‍ ളുഹര്‍ നിസ്‌കാരം വരെയും അസര്‍ നിസ്‌കാരം മുതല്‍ മഗ്‌രിബ് നിസ്‌കാരം വരെയും ആളുകള്‍ക്ക് പള്ളിയിലെത്തി അനുശോചനം രേഖപ്പെടുത്താം.

കഴിഞ്ഞ ദിവസമാണ് ദുബായ് ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗവും ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫുമായിരുന്ന ഷെയ്ഖ് അഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചത്. ദുബായ് മീഡിയ ഓഫീസാണ് മരണവിവരം അറിയിച്ചത്. മരണത്തെ തുടര്‍ന്ന് ദുബായില്‍ ഇന്നലെ മുതല്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ എമിറേറ്റിലുടനീളം ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും അധികൃതര്‍ അറിയിച്ചു.

ദുബായുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി ചീഫായും അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ മകനാണ് അദ്ദേഹം. യുകെയിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ദുബായിലെ സെന്‍ട്രല്‍ മിലിട്ടറി റീജിയനില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് അതിന്റെ കമാന്‍ഡറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ സൈനിക കേന്ദ്രം യുഎഇയിലെ പ്രധാന സൈനിക സംവിധാനങ്ങളിലൊന്നായി വികസിച്ചു.

ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് സ്ഥാപിക്കുന്നതിലും പ്രവര്‍ത്തനം ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1988ല്‍ ക്ലബിന്റെ ആദ്യ ചെയര്‍മാനായി ചുമതലയേറ്റു. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇന്റര്‍നാഷണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് സംഘടനയായ UIM (Union Internationale Motonautique)ല്‍ അംഗമായ ആദ്യ ക്ലബായി ഇത് മാറി. 1989ല്‍ ദുബായിലെ സമുദ്ര കായികരംഗത്തിന്റെ വളര്‍ച്ചയില്‍ വിക്ടറി ടീമിന്റെ രൂപീകരണത്തിന് നല്‍കിയ പിന്തുണയും ശ്രദ്ധേയമായിരുന്നു.

Content Highlights: Funeral prayers for the late Sheikh Ahmed bin Rashid Al Maktoum are scheduled to be held this afternoon

To advertise here,contact us