യുഎഇ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ യാത്രാ സർവീസിന്റെ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു. ദുബായിയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന സർവീസിനായുള്ള ബുക്കിങ് ഔദ്യോഗിക വെബ്സൈറ്റായ etihadrail.ae വഴിയാണ് ആരംഭിച്ചിരിക്കുന്നത്.
സെപ്റ്റംബർ 30 മുതൽ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാനാകും. സെപ്റ്റംബർ 30 ന് തന്നെയാണ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ ദുബായ് അൽ യലായിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും. യുഎഇയുടെ പാസഞ്ചർ റെയിൽ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റേഷൻ തുറക്കുന്നത്.
ദുബായ്- അബുദാബി യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 39 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ദുബായിൽ നിന്നും അബുദാബിയിലേക്കുള്ള കംഫർട്ട് ക്ലാസ് ടിക്കറ്റിന് 39 ദിർഹവും പ്രീമിയം ക്ലാസ് ടിക്കറ്റിന് 109 ദിർഹവുമാണ് കുറഞ്ഞ നിരക്ക്. അബുദാബി- ഫൂജെെറ റൂട്ടിലെ കംഫർട്ട് ക്ലാസ് നിരക്ക് 55 ദിർഹം മുതലാണ് ആരംഭിക്കുന്നത്. എന്നാൽ അതിനേക്കാൾ കുറഞ്ഞ നിരക്കാണ് ദുബായ് - അബുദാബി റൂട്ടിലുള്ളത്.
ദുബായ് സ്റ്റേഷൻ അബുദാബിയിലെ ഇത്തിഹാദ് റെയിലിന്റെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് നേരിട്ടുള്ള റെയിൽ ബന്ധം ലഭ്യമാക്കും. യാത്രയ്ക്ക് ഏകദേശം 57 മിനിറ്റെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
അബുദാബി-ഫുജെെറ റൂട്ടിൽ ജൂണിലാണ് യുഎഇയുടെ പാസഞ്ചർ റെയിൽ സർവീസ് ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ 70,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചതായും യാത്രക്കാർ ശരാശരി 12 ദിവസം മുൻകൂട്ടിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതായും ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു. ദുബായിൽ പുതിയ സ്റ്റേഷൻ ജുമെെറ ഗോൾഫ് എസ്റ്റേറ്റ്ശ് മെട്രോ സ്റ്റേഷന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇത് ദേശീയ റെയിൽ ശൃംഖലയും ദുബായ് മെട്രോയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.
Content Highlights: Etihad Rail has opened ticket sales for the Dubai-Abu Dhabi passenger service, which is scheduled to begin on September 30, 2026.