ദുബായ് രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ദുഃഖാചരണം

ദുബായിൽ ഇന്ന് മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു, ഈ കാലയളവിൽ എമിറേറ്റിലുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും അധികൃതർ അറിയിച്ചു

ദുബായ് ഭരണകുടുംബത്തിലെ മുതിർന്ന അംഗവും ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫുമായിരുന്ന ഷെയ്ഖ് അഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു. ദുബായ് മീഡിയ ഓഫീസാണ് മരണവിവരം അറിയിച്ചത്. മരണത്തെ തുടർന്ന് ദുബായിൽ ഇന്ന് മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ എമിറേറ്റിലുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും അധികൃതർ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ സഹോദരന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിനായി പ്രാർഥിക്കുകയും ചെയ്തു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ച അമ്മാവൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ആദരാഞ്ജലി അർപ്പിച്ചു.

ദുബായുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി ചീഫായും അൽ വസൽ സ്പോർട്സ് ക്ലബ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ മകനാണ് അദ്ദേഹം. യുകെയിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ദുബായിലെ സെൻട്രൽ മിലിട്ടറി റീജിയനിൽ ചേർന്ന അദ്ദേഹം പിന്നീട് അതിന്റെ കമാൻഡറായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സൈനിക കേന്ദ്രം യുഎഇയിലെ പ്രധാന സൈനിക സംവിധാനങ്ങളിലൊന്നായി വികസിച്ചു.

ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ് സ്ഥാപിക്കുന്നതിലും പ്രവർത്തനം ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1988ൽ ക്ലബിന്റെ ആദ്യ ചെയർമാനായി ചുമതലയേറ്റു. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഇന്റർനാഷണൽ മറൈൻ സ്പോർട്സ് സംഘടനയായ UIM (Union Internationale Motonautique)-ൽ അംഗമായ ആദ്യ ക്ലബായി ഇത് മാറി. 1989ൽ ദുബായിലെ സമുദ്ര കായികരംഗത്തിന്റെ വളർച്ചയിൽ വിക്ടറി ടീമിന്റെ രൂപീകരണത്തിന് നൽകിയ പിന്തുണയും ശ്രദ്ധേയമായിരുന്നു.

Content Highlights: Sheikh Ahmed bin Rashid Al Maktoum, younger brother of Dubai’s Ruler Sheikh Mohammed bin Rashid Al Maktoum, has passed away, with Dubai declaring 10 days of official mourning.

To advertise here,contact us