പ്രകൃതി-വന്യജീവി പ്രേമികൾ ഏറെ കാത്തിരുന്ന ഷാർജ സഫാരി അഞ്ചാം സീസൺ നാളെ മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും. മെയ് മാസത്തിൽ സീസൺ അവസാനിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന പാർക്കാണ് ഇപ്പോൾ പുതിയ സീസണോടെ തിരിച്ചെത്തുന്നത്. ആഫ്രിക്കൻ വന്യജീവി ആവാസവ്യവസ്ഥകളെ മാതൃകയാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഷാർജ സഫാരിയിൽ 120-ലധികം ജീവിവർഗങ്ങളും 50,000-ത്തിലധികം ജീവികളും ഉണ്ട്. പക്ഷികൾ മുതൽ സിംഹങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ജീവികളെ ഇവിടെ സന്ദർശകർക്ക് കാണാൻ സാധിക്കും.
ആഫ്രിക്കയിലെ വിവിധ ഭൂപ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 12 പ്രത്യേക മേഖലകളാണ് പാർക്കിന്റെ പ്രധാന ആകർഷണം. സഫാരി സന്ദർശിക്കുന്നവർ തൊപ്പി, സൺസ്ക്രീൻ, സൺഗ്ലാസ്, നടക്കാൻ സൗകര്യപ്രദമായ ചെരുപ്പുകൾ, ബൈനോക്കുലർ, ക്യാമറ, വീണ്ടും ഉപയോഗിക്കാവുന്ന വെള്ളക്കുപ്പി എന്നിവ കരുതുന്നത് നല്ലതാണെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർക്ക് സ്വകാര്യ വാഹനങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ആറുപേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിന് 1,500 ദിർഹം മുതൽ 15 സീറ്റുള്ള മിനിബസിന് 3,500 ദിർഹം വരെയാണ് നിരക്ക്. സ്വകാര്യ ഗൈഡോടുകൂടിയ ഈ യാത്രയിൽ നൈജർ വാലി, സാഹെൽ, മൊറേമി, സവന്ന, എൻഗോറോൻഗോറോ, കലഹാരി, സുവാലു തുടങ്ങിയ മേഖലകൾ സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.
സിംഗിൾ ടിക്കറ്റ് വിഭാഗത്തിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് ഓപ്ഷനുകളുണ്ട്. സിൽവർ ടിക്കറ്റിൽ സഞ്ചരിക്കുന്ന വാഹനത്തിൽ നൈജർ വാലി, സാഹെൽ, മൊറേമി, സവന്ന, എൻഗോറോൻഗോറോ, കലഹാരി, സുവാലു തുടങ്ങിയ മേഖലകളിലെ സഫാരി യാത്ര, സാൻസിബാർ വില്ലേജ് സന്ദർശനം, പക്ഷി പ്രദർശനം, സഫാരി ക്യാമ്പ് സന്ദർശനം എന്നിവ ഉൾപ്പെടും. വാഹനങ്ങളിൽ മൾട്ടി-ലാംഗ്വേജ് ഗൈഡ് സംവിധാനവും ലഭ്യമാണ്. മുതിർന്നവർക്ക് 120 ദിർഹം കുട്ടികൾക്ക് 50 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഗോൾഡ് ടിക്കറ്റിൽ സിൽവർ ടിക്കറ്റിലെ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. കൂടാതെ ഇതിന് പുറമെ സ്വകാര്യ ഗൈഡും സെറൻഗെറ്റി ഹാബിറ്റാറ്റിലൂടെയുള്ള സന്ദർശനവും ഉൾപ്പെടും. മുതിർന്നവർക്ക് 275 ദിർഹം, കുട്ടികൾക്ക് 120 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.ബ്രോൺസ് ടിക്കറ്റിൽ നടന്ന് സഞ്ചരിക്കുന്ന അവസരം ലഭിക്കും. ബേർഡ്സ് ഓഫ് ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്കൻ ഐലൻഡ്സ്, ബോമ മേഖലകൾ എന്നിവ സന്ദർശിക്കാനും. സാൻസിബാർ വില്ലേജിലൂടെയുള്ള യാത്രയും ഇതിൽ ഉൾപ്പെടുന്നു. മുതിർന്നവർക്ക് 40 ദിർഹം, കുട്ടികൾ: 15 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
ഷാർജ-ഖോർഫക്കാൻ റോഡിൽ, അൽ ദൈദ് നഗരത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഷാർജ സഫാരി സ്ഥിതി ചെയ്യുന്നത്. രാവിലെ 8.30 മുതൽ വൈകിട്ട് 6 മണിവരെയാണ് സഫാരി സന്ദർശകർക്കായി തുറന്നിരിക്കുന്നത്.
Content Highlight: Sharjah Safari will reopen for its fifth season on September 21, welcoming visitors to explore more than 120 animal species and over 50,000 animals across 12 Africa-inspired environments.