ദുബായുടെ കണ്ണും മനസ്സും നിറയ്ക്കാൻ ഇനി ഗുൽമോഹർ പൂക്കളും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടായ എക്സിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇത് അറിയിച്ചത്. ഗുൽമോഹർ മരങ്ങൾ മെയ് മാസത്തിൽ പൂക്കുകയും ജൂലെെ അവസാനം വരെ വസന്തം നിലനിർത്തുകയും ചെയ്യും. ഇത് ദുബായിലെ ഭംഗി വർധിപ്പിക്കും. എല്ലാ വീടുകളിലും ആഘോഷങ്ങളിലും പാർക്കുകളിലും അങ്ങനെ ദുബായ് സിറ്റി മുഴുവനായും പൂക്കളാൽ നിറയും. ഇത് ആളുകളുടെ കണ്ണും മനസ്സും നിറയ്ക്കും. ജീവിതം ഭംഗിയുള്ളതാക്കും എന്നെല്ലാം അദ്ദേഹം എക്സിൽ കുറിച്ചു.
ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ തുടങ്ങിയവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുബായ് നഗരത്തിൽ ഗുൽമോഹർ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നിർദേശം നൽകി. നഗരവീഥികൾ, റെസിഡൻഷ്യൽ ഏരിയകൾ, പബ്ലിക് പാർക്കുകൾ തുടങ്ങി നഗരത്തിന്റെ നാനഭാഗങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ആണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വീടുകളിലും ഫാമുകളിലും മരങ്ങൾ വെച്ചുപിടിപ്പിക്കാൻ താൽപര്യമുള്ള ആളുകൾക്ക് ഗുൽമോഹർ തെെകൾ വിതരണം ചെയ്യണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
പ്രത്യേക പരിചരണം ആവശ്യമില്ലാത്ത മരങ്ങളാണ് ഗുൽമോഹറുകൾ. വേഗത്തിൽ വളരുകയും ഏകദേശം 15 മീറ്റർ വരെ ശാഖകൾ വ്യാപിച്ച് തണൽ നൽകുകയും ചെയ്യാൻ ഇവയ്ക്ക് സാധിക്കും. ഇത് അന്തരീക്ഷത്തിലെ താപനില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഏകദേശം 60 വർഷം വരെയാണ് ഇവയുടെ ആയുസ്സ് എന്നിവ ഗുൽമോഹർ മരങ്ങളുടെ പ്രത്യേകതകൾ ആണ്. അതുകൊണ്ടുതന്നെ ഇത് ദുബായിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlight: Dubai is expanding its urban greening efforts with a new initiative to plant more Gulmohar trees across key roads and public spaces, enhancing the city’s landscape and environmental sustainability.