പ്രവാസികളും സഞ്ചാരികളും ഒരുപോലെ കാത്തിരിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാമത് സീസണിലേക്കുള്ള വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. ഒക്ടോബർ 14-നാണ് പുതിയ സീസൺ ഔദ്യോഗികമായി ആരംഭിക്കുന്നത്. 'എ മോർ വണ്ടർഫുൾ വേൾഡ്' (A More Wonderful World) എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ഈ സീസൺ ഏഴ് മാസത്തിലധികം നീണ്ടുനിൽക്കുകയും 2027 മേയ് മാസം വരെ തുടരുകയും ചെയ്യും.
വിഐപി പാക്കുകളുടെ വിൽപ്പന കൊക്ക കോള അരീന വെബ്സൈറ്റ് വഴി മാത്രമാണ് നടക്കുക. സെപ്റ്റംബർ 21 മുതൽ 25 വരെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രീ-സെയിൽ സൗകര്യമുണ്ടാകും. ഇതിനായി നിശ്ചിത തുക അധികമായി നൽകേണ്ടിവരും. പൊതുവിൽപ്പന സെപ്റ്റംബർ 26-നാണ് ആരംഭിക്കുന്നത്. എമിറേറ്റ്സ് ഐഡിയുള്ള 18 വയസ്സിന് മുകളിലുള്ള ഏതൊരാൾക്കും ഈ പാക്കുകൾ വാങ്ങാം. ഡയമണ്ട് (7,900 ദിർഹം), പ്ലാറ്റിനം (3,490 ദിർഹം), ഗോൾഡ് (2,490 ദിർഹം), സിൽവർ (1,890 ദിർഹം) എന്നിങ്ങനെയാണ് വിവിധ പാക്കുകളുടെ നിരക്കുകൾ. കൂടാതെ ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് പാസുകൾ ഉൾപ്പെടുത്തിയുള്ള മെഗാ ഗോൾഡ്, മെഗാ സിൽവർ പാക്കുകളും ഇത്തവണ ലഭ്യമാണ്.
അതേസമയം, ഗ്ലോബൽ വില്ലേജ് വിഐപി പാക്കുകളുടെ പേരിൽ വ്യാജ ഓഫറുകളും വെബ്സൈറ്റുകളും സജീവമാകുന്നതിനെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പേജുകൾക്ക് സമാനമായ വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർമ്മിച്ച് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ വ്യക്തമാക്കി. അസാധാരണമാം വിധം കുറഞ്ഞ നിരക്കിലുള്ള ഓഫറുകളിൽ വീഴരുതെന്നും കൊക്ക കോള അരീനയുടെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി മാത്രം ടിക്കറ്റുകളും പാക്കുകളും വാങ്ങണമെന്നും പൊലീസ് നിർദ്ദേശിച്ചു.
Content Highlights: Dubai Global Village is gearing up for its 31st season, with VIP Pack pre-booking starting on September 21 at 10am. The new season will open on October 14, 2026, and run until May 2027.