സഹകരണം ശക്തിപ്പെടുത്തണം; ചർച്ച നടത്തി ഇന്ത്യയും യുഎഇയും

പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചാ വിഷയങ്ങളായി

യുഎഇ-ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകളെകുറിച്ച് ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും. സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ഇരുവരും ചർച്ചചെയ്തത്. ടെലിഫോൺ വഴിയായിരുന്നു ചർച്ച നടത്തിയത്.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ പ്രസിഡന്റ് ജന്മദിനാശംസകളും അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യവും ഇന്ത്യയുടെ പുരോഗതിക്കും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് കൂടുതൽ വിജയം ഉണ്ടാകട്ടെ എന്നും ആശംസിച്ചു. ആശംസകൾക്ക് നന്ദി അറിയിച്ച നരേന്ദ്ര മോദി ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി യുഎഇ-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണം തുടരുമെന്ന് വ്യക്തമാക്കി.

പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ വിപുലീകരിക്കാനുള്ള പ്രതിബദ്ധതയും ഇരുവരും ആവർത്തിച്ചു.

Content Highlight: UAE and India discussed opportunities to further strengthen bilateral cooperation and reviewed regional developments during high-level talks between the two countries' leaders.

To advertise here,contact us