ഗ്ലോബൽ വില്ലേജ് ​സീസൺ 31; വ്യാജ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സെപ്റ്റംബർ 21 മുതൽ 25 വരെയാണ് ഗ്ലോബൽ വില്ലേജ് സീസൺ 31ലെ പ്രത്യേക വിഐപി പാക്കുകളുടെ പ്രീ-സെയിൽ നടക്കുന്നത്

ഗ്ലോബൽ വില്ലേജ് സീസൺ 31 ന്റെ പാക്കേജുകൾ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി തട്ടിപ്പ് നടത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഗ്ലോബൽ വില്ലേജ് സീസൺ 31ലെ പ്രത്യേക വിഐപി പാക്കുകളുടെ വിൽപ്പന ആരംഭിക്കാനിരിക്കെയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ 21 മുതൽ 25 വരെയാണ് പ്രീ-സെയിൽ നടക്കുന്നത്.

അധിക ഫീസ് നൽകി ഇഷ്ടപ്പെട്ട വിഐപി പാക്കുകൾ നേരത്തെ സ്വന്തമാക്കാൻ ഈ ഘട്ടത്തിൽ അവസരമുണ്ട്. സെപ്റ്റംബർ 26 മുതലാണ് പൊതുവിൽപ്പന ആരംഭിക്കുന്നത്. Coca-Cola Arena യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വിൽപ്പന നടക്കുന്നത്. ഗ്ലോബൽ വില്ലേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പാക്കേജുകളും പ്രഖ്യാപിക്കുന്ന സമയത്ത് ഇത്തരം തട്ടിപ്പുകൾ എല്ലാ വർഷവും ആവർത്തിക്കാറുണ്ടെന്ന് പൊലീസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും അനുകരിക്കുന്ന വ്യാജ പ്ലാറ്റ്ഫോമുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരം സൈറ്റുകളിലൂടെയോ അക്കൗണ്ടുകളിലൂടെയോ വ്യാജ ഇടപാടുകൾ നടത്താൻ ആളുകളെ പ്രേരിപ്പിക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയോ ചെയ്യാം. പിന്നീട് ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അസാധാരണമായി കുറഞ്ഞ വിലയോ വിശ്വസിക്കാൻ പ്രയാസമുള്ളതുമായ ഓഫറുകളോ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസ് നിർദേശിച്ചു. ടിക്കറ്റുകളും പാക്കേജുകളും ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിൽ നിന്ന് മാത്രമേ വാങ്ങാൻ പാടുള്ളു.

പരിചയമില്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഇത്തരം അക്കൗണ്ടുകൾ പിന്തുടരുന്നതും ഒഴിവാക്കണം. സംശയാസ്പദമായ അക്കൗണ്ടുകളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ eCrime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാമെന്നും പൊലീസ് പറഞ്ഞു. ഇത്തരം റിപ്പോർട്ടുകൾ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും മറ്റുള്ളവർ തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Dubai Police have warned residents against fake websites and social media accounts promoting Global Village Season 31 offers and VIP packages, urging the public to use only official channels for purchases and registrations.

To advertise here,contact us