ദുബായിലെ പ്രശസ്തമായ വിനോദകേന്ദ്രമായ ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് വേനൽക്കാല അവധിക്ക് ശേഷം ഒക്ടോബർ ഏഴ് മുതൽ വീണ്ടും തുറക്കുന്നു. ഒക്ടോബറിലെ സ്കൂൾ മിഡ്-ടേം അവധിക്കാലം മുന്നിൽ കണ്ടാണ് പാർക്ക് അധികൃതരുടെ പ്രഖ്യാപനം. സന്ദർശകർക്കായി നിരവധി ആകർഷണങ്ങളാണ് പാർക്കിൽ ഇത്തവണ കാത്തിരിക്കുന്നത്.
അത്യാധുനിക ബൗളിംഗ് ഗെയിമുകളും ലംബോർഗിനി ഓട്ടോമൊബിലി റേസിംഗ് സിമുലേറ്ററുകളും സന്ദർശകർക്കായി ഇവിടെ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി സാഹസിക വിനോദങ്ങളും സജീവമാണ്. ബുദ്ധിശക്തി അളക്കുന്ന പസിൽ ഗെയിമുകൾക്ക് പുറമേ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഇൻഡോർ ഗെയിം സോണുകളും ഇവിടെയൊരുക്കിയിട്ടുണ്ട്. കൂടാതെ നാല് പ്രധാന മേഖലകളിലായി മികച്ച റെസ്റ്റോറന്റുകളും കഫേകളും മനോഹരമായ ഓപ്പൺ സ്പേസുകളും ഇവിടെയുണ്ട്.
ഹോളിവുഡ് സിനിമാപ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന മോഷൻഗേറ്റ് ദുബായിൽ 29 പ്രമുഖ റൈഡുകളും ആകർഷണങ്ങളുമുണ്ട്. ഡ്രീംവർക്സ് അനിമേഷൻ, കൊളംബിയ പിക്ചേഴ്സ്, ലയൺസ്ഗേറ്റ് എന്നീ പ്രശസ്ത സ്റ്റുഡിയോകളുടെ ജനപ്രിയ സിനിമകളെ അടിസ്ഥാനമാക്കിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫുട്ബോൾ പ്രേമികൾക്ക് പുത്തൻ ആവേശം നൽകുന്നതാണ് റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ പ്രമേയത്തിൽ പ്രവർത്തിക്കുന്ന റയൽ മാഡ്രിഡ് വേൾഡ്. സന്ദർശകരെ 460 അടി ഉയരത്തിലേക്ക് കൊണ്ടുപോകുന്ന 40-ലധികം അനുഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ ഐതിഹാസിക ചരിത്രം വിവരിക്കുന്ന 'ബെർണബ്യൂ എക്സ്പീരിയൻസ്', കായിക നൈപുണ്യം പരിശീലിക്കാൻ 'ലാ ഫാബ്രിക്ക ട്രെയിനിംഗ് പിച്ച്', പ്രിയ താരങ്ങളെ പരിചയപ്പെടാൻ 'മീറ്റ് ദി സ്റ്റാർസ്' എന്നിവയും ഈ പാർക്കിന്റെ സവിശേഷതകളാണ്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്കായി ലെഗോലാന്റ് തീം പാർക്ക്, ലെഗോലാന്റ് വാട്ടർ പാർക്ക്, ലെഗോലാന്റ് ഹോട്ടൽ എന്നിവയടങ്ങുന്ന ലെഗോലാന്റ് ദുബായ് റിസോർട്ടും പൂർണ്ണ സജ്ജമാണ്. 40-ലധികം റൈഡുകളും ക്രിയേറ്റീവ് ബിൽഡിംഗ് ആക്ടിവിറ്റികളും പ്രശസ്ത കെട്ടിടങ്ങളുടെ ലെഗോ മാതൃകകൾ അടങ്ങിയ മിനിലാൻഡും തീം പാർക്കിലുണ്ട്.
Content Highlights: Dubai Parks and Resorts is reopening with new attractions and experiences for visitors. The entertainment destination is preparing to welcome guests with updated facilities and new offerings.