1.9 ലക്ഷം ദിർഹം മോഷ്ടിച്ച മൂന്ന് പ്രതികളെ ദുബായ് പൊലീസ് നാല് മിനിറ്റിനകം പിടികൂടി. മോഷ്ടിച്ച പണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. നായിഫ് പൊലീസ് സ്റ്റേഷനിലെ ഇലക്ട്രിക് സ്കൂട്ടർ പട്രോളിന്റെ സമയോജിതമായ ഇടപെടലാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. നൈഫ് മേഖലയിൽ നടന്ന മോഷണത്തെക്കുറിച്ചുള്ള പരാതി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. പ്രതികളുടെ വിവരങ്ങളും രൂപവിവരണവും സമീപ പ്രദേശത്തെ പൊലീസ് പട്രോളുകൾക്ക് ഉടൻ കൈമാറി.
വിവരം ലഭിച്ച് രണ്ട് മിനിറ്റിനകം നൈഫ് പൊലീസ് സ്റ്റേഷനിലെ ഇലക്ട്രിക് സ്കൂട്ടർ പട്രോൾ സംഘം സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അടുത്ത രണ്ട് മിനിറ്റിനുള്ളിൽ തന്നെ മൂന്ന് പ്രതികളെയും പിടികൂടുകയും മോഷ്ടിച്ച 1.9 ലക്ഷം ദിർഹം ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ അതിവേഗം പിടികൂടാനും മോഷണത്തുക പൂർണമായും വീണ്ടെടുക്കാനും കഴിഞ്ഞത് പൊലീസ് പട്രോളുകളുടെ ദ്രുത പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത തെളിയിക്കുന്നതാണെന്ന് നൈഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ പറഞ്ഞു.
തിരക്കേറിയ വ്യാപാര മേഖലകളിലും മാർക്കറ്റുകളിലും സംഭവങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി പട്രോളുകളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാൽനടയാത്രക്കാരും വാഹനങ്ങളും കൂടുതലുള്ള മേഖലകളിൽ ഇലക്ട്രിക് സ്കൂട്ടർ പട്രോളുകൾ ഏറെ ഫലപ്രദമാണെന്നും ഇടുങ്ങിയ വഴികളിലും തിരക്കേറിയ മാർക്കറ്റുകളിലും പട്രോൾ വാഹനങ്ങളെക്കാൾ വേഗത്തിൽ എത്തിച്ചേരാൻ ഇവ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികരണ സമയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഫീൽഡ് ഓപ്പറേഷനുകൾ കൂടുതൽ വികസിപ്പിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
Content Highlight: Dubai Police recovered Dh190,000 and detained three suspects within four minutes of receiving a report, highlighting the rapid response capabilities of the Naif Police Station patrol teams.