അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ ഡിസംബർ 11 ന് പ്രവർത്തനം ആരംഭിക്കുന്ന ഗുഗൻഹെെം മ്യൂസിയത്തിലേക്കുള്ള ടുക്കറ്റ് വിൽപ്പന ആരംഭിച്ചു. സന്ദർശകർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതർ പറഞ്ഞു. പൊതുജന പ്രവേശന ടിക്കറ്റിന് 70 ദിർഹമാണ് നിരക്ക്. 18 വയസ്സിന് താഴെയുള്ളവർ, യുഎഇയിലെ വിദ്യാർത്ഥികൾ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. മറ്റ് അർഹരായ വിഭാഗങ്ങൾക്കായി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബിയിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി മാറുന്ന ഗുഗൻഹൈം അബുദാബി 1960-കൾ മുതൽ ഇന്നുവരെയുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികളുടെ സമാഹാരമാണ് പ്രദർശിപ്പിക്കുന്നത്. പ്രശസ്ത പ്രിറ്റ്സ്കർ (Pritzker) പുരസ്കാര ജേതാവും ലോകപ്രശസ്ത വാസ്തുശില്പിയുമായിരുന്ന ഫ്രാങ്ക് ഗെഹ്രിയാണ് മ്യൂസിയത്തിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സെൻട്രൽ ആട്രിയവുമായി ( Central atrium) ബന്ധിപ്പിച്ച 28 ഇന്റീരിയറുകളും 10 വലിയ ശിൽപാകൃതിയിലുള്ള കോണുകളും മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ കോണുകളിലും ടെറസുകളിലുമായി 23,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എക്സ്റ്റീരിയർ എക്സിബിഷൻ സ്ഥലവും മ്യൂസിയത്തിൽ ഉൾപ്പെടുന്നുണ്ട്.
11,600 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മ്യൂസിയത്തിൽ ചിത്രകല (Painting), ശിൽപകല (Sculpture), ഇൻസ്റ്റലേഷൻ ആർട്ട് (Installation art), ഫോട്ടോഗ്രഫി (photography), മൂവിംഗ് ഇമേജസ് (Moving images), ന്യൂ മീഡിയ ആർട്ട് (New media art) തുടങ്ങി വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കും. കാലക്രമമോ ഭൂമിശാസ്ത്രപരമോ ആയ സമീപനം പിന്തുടരുന്നതിനുപകരം വ്യത്യസ്ത സംസ്കാരങ്ങളിലും പ്രദേശങ്ങളിലുമുള്ള കലാപരമായ ബന്ധങ്ങൾ, കൈമാറ്റങ്ങൾ, വംശപരമ്പരകൾ എന്നിവ ഉൾപ്പെടുത്തിയുള്ള രീതിയിലാണ് മ്യൂസിയം ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അബുദാബി സംസ്കാര-ടൂറിസം വകുപ്പും സോളമൺ ആർ. ഗുഗൻഹൈം ഫൗണ്ടേഷനും ചേർന്നാണ് ഗുഗൻഹൈം അബുദാബി വികസിപ്പിച്ചിരിക്കുന്നത്.
Content Highlight: Ticket sales have begun for Guggenheim Abu Dhabi ahead of its official opening on December 11, 2026, with general admission priced at Dh70 and free entry available for selected visitor categories.