ഡൽഹിയിലെ യുഎഇ-ഇറാൻ കൂടിക്കാഴ്ച; നയതന്ത്ര ബന്ധത്തിൽ പുതിയ പ്രതീക്ഷയെന്ന് ഡോ. അൻവർ ഗർഗാഷ്

നയതന്ത്ര ചർച്ചകൾക്കൊപ്പം പ്രതിരോധ ശേഷിയും ഉറപ്പുവരുത്തുന്ന നയമാണ് യുഎഇ തുടരുന്നതെന്ന് ഗർഗാഷ് വ്യക്തമാക്കി

ഡൽഹിയിൽ നടന്ന യുഎഇ-ഇറാൻ ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായകമായ വഴികാട്ടിയാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഭാവിയിലേക്കുള്ള സാധ്യതകൾ കണ്ടെത്താൻ ഈ കൂടിക്കാഴ്ച സഹായിച്ചതായി ദുബായിൽ നടന്ന അറബ് മീഡിയ ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിൽ നടന്ന ബ്രെക്സ് (BRICS) ഉച്ചകോടിക്കിടെയാണ് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും എല്ലാ കാര്യങ്ങളിലും യോജിച്ചു എന്നർത്ഥമില്ലെന്നും മറിച്ച് സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും ഒരു പ്രധാന ചാനൽ തുറന്നുകൊടുത്തതായും ഡോ. ഗർഗാഷ് ചൂണ്ടിക്കാട്ടി. സങ്കീർണ്ണമായ ഈ ഘട്ടത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നിലപാടുകൾ വിവേകപൂർണ്ണവും സന്തുലിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയതന്ത്ര ചർച്ചകൾക്കൊപ്പം പ്രതിരോധ ശേഷിയും ഉറപ്പുവരുത്തുന്ന നയമാണ് യുഎഇ തുടരുന്നതെന്ന് ഗർഗാഷ് വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇറാനുമായുള്ള ആശയവിനിമയം അത്യാവശ്യമാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസം വീണ്ടെടുക്കാൻ വാക്കുകളേക്കാൾ പ്രവർത്തികളാണ് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും വിശ്വാസം വളർത്തിയെടുക്കുന്നതും രണ്ടും രണ്ടാണ്. തകർന്ന വിശ്വാസം തിരികെ കൊണ്ടുവരാൻ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ നുഴഞ്ഞുകയറ്റവും സായുധ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അവസാനിപ്പിച്ച്, സാമ്പത്തിക വളർച്ചയിലും സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇറാൻ തയ്യാറാകണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇറാന്റെ ഇത്തരത്തിലുള്ള നിർമ്മാണാത്മകമായ നിലപാടുകൾ അവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കാനും മേഖലയിൽ കൂടുതൽ സാമ്പത്തിക അവസരങ്ങൾ തുറക്കാനും സഹായിക്കും. പരമാധികാരത്തെ ബഹുമാനിക്കുന്നതും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതുമായ ഒരു സുസ്ഥിര അന്തരീക്ഷമാണ് ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നത്.

സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും യുഎഇയുടെയും ഗൾഫ് മേഖലയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് രാജ്യത്തിന് ഭീഷണിയുണ്ടായാലും അത് അയൽരാജ്യങ്ങളെയും ബാധിക്കും. അതുകൊണ്ടുതന്നെ, ഭരണകൂടങ്ങൾക്ക് പുറത്തുപ്രവർത്തിക്കുന്ന സായുധ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനോട് യുഎഇക്ക് യോജിപ്പില്ല. ശക്തമായ ദേശീയ ഭരണസംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും വ്യാപാരവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുഎഇ മുൻഗണന നൽകുന്നതെന്ന് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.

Content Highlights: Dr Anwar Gargash said the UAE Iran meeting in New Delhi has created new hope for diplomatic relations between the two countries. The meeting took place in New Delhi, with the UAE official highlighting its significance for bilateral diplomatic ties.

To advertise here,contact us