പഠനം ദുബായിലാക്കാം; വിദ്യാർത്ഥികൾക്കായി വിമാന ടിക്കറ്റ് ഇളവുകൾ ഉൾപ്പെടെ ആനുകൂല്യങ്ങളുമായി എമിറേറ്റ്‌സ്

ദുബായുടെ 'എഡ്യൂക്കേഷൻ 33' തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം

ലോകത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി ദുബായെ മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സും ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര വിദ്യാർത്ഥികളെയും അധ്യാപകരെയും ആകർഷിക്കുന്നതിനായി നിരക്കുകളിൽ പ്രത്യേക ഇളവുകൾ, കൂടുതൽ ബാഗേജ് അനുവദിക്കൽ, വിമാന ടിക്കറ്റ് ബുക്കിംഗിൽ വലിയ ഇളവുകൾ തുടങ്ങി നിരവധിയായ ആനുകൂല്യങ്ങളാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദിയിൽ വെച്ച് എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കമേഴ്‌സ്യൽ ഓഫീസറുമായ അദ്നാൻ കാസിമും കെഎച്ച്ഡിഎ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് സിഇഒ ഡോ വാഫി ദാവൂദും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. എമിറേറ്റ്‌സ് അക്കാദമിക് പ്രോഗ്രാം വഴി അധ്യാപകർക്കും ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക യാത്രാ പിന്തുണയും ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ, ദുബായിയെ ആഗോള പഠനകേന്ദ്രമായി പ്രമോട്ട് ചെയ്യുന്നതിനായുള്ള വിവിധ അന്താരാഷ്ട്ര പ്രചാരണ പരിപാടികളിലും എമിറേറ്റ്‌സ് പങ്കാളികളാകും.

ദുബായുടെ 'എഡ്യൂക്കേഷൻ 33' തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം. 2033-ഓടെ ദുബായിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അനുപാതം 50 ശതമാനമായി ഉയർത്താനും ലോകത്തിലെ ഏറ്റവും മികച്ച 10 സ്റ്റുഡന്റ് സിറ്റികളിൽ ഒന്നായി ദുബായിയെ മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ 'ഐസിഇഎഫു'മായും എമിറേറ്റ്‌സ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

Content Highlights: Emirates is offering special benefits for students travelling to Dubai for education. The benefits include flight ticket discounts and other travel-related offers designed for students pursuing their studies in Dubai.

To advertise here,contact us