അബുദാബിയിലെ ഹോട്ടലുകളിൽ ഇനി ആരോഗ്യകരമായ ഭക്ഷണരീതി നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ

2026 ഒക്ടോബർ ഒന്ന് മുതൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുതുടങ്ങും.

ടൂറിസം മേഖലയിലെ ഭക്ഷണരീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി അബുദാബി. വിനോദ സഞ്ചാര വകുപ്പിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇനി മുതൽ കുറഞ്ഞത് ഒരു ആരോഗ്യകരമായ ഭക്ഷണമെങ്കിലും നിർബന്ധമായും ഉൾപ്പെടുത്തണം. മുതിർന്നവരുടെ ഭക്ഷണ മെനുവിലും ഈ മാറ്റം ബാധകമാണ്. കൂടാതെ, കുട്ടികളുടെ മെനുവിലെ 50 ശതമാനം വിഭവങ്ങളും നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം.

അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ വികസിപ്പിച്ചെടുത്ത 'സെഹി' എന്ന പോഷകാഹാര വർഗ്ഗീകരണ സംവിധാനം അനുസരിച്ചാണ് ഇത്തരത്തിലുള്ള വിഭവങ്ങൾ തിരിച്ചറിയുന്നത്. ഇതിനുപുറമേ, മേശപ്പുറത്ത് സൂക്ഷിക്കുന്ന സാധാരണ ഉപ്പിന് പകരം സോഡിയം കുറഞ്ഞ ഉപ്പ് സ്ഥിരം ഓപ്ഷനായി നൽകണമെന്ന നിയമവും നടപ്പിലാക്കുന്നുണ്ട്. ഏകദേശം 21,000 ആളുകളിൽ നടത്തിയ പഠനത്തിൽ, സോഡിയം കുറഞ്ഞ ഉപ്പ് ഉപയോഗിക്കുന്നത് വഴി സ്‌ട്രോക്ക് സാധ്യത 14 ശതമാനവും ഹൃദയാഘാത സാധ്യത 13 ശതമാനവും കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 'ഹെൽത്തി ലിവിംഗ്' പ്രസ്ഥാനവും അബുദാബി വിനോദ സഞ്ചാര വകുപ്പും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമങ്ങൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. 2026 ഒക്ടോബർ ഒന്ന് മുതൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുതുടങ്ങും.

ആരോഗ്യകരമായ ഭക്ഷണരീതികൾ എല്ലാവരിലേക്കും എളുപ്പത്തിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെൽത്തി ലിവിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് അൽഖസ്രജി പറഞ്ഞു. ടൂറിസം മേഖലയിലൂടെ പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡിസിടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗസീരി വ്യക്തമാക്കി.

Content Highlights: New regulations requiring hotels in Abu Dhabi to follow healthy food standards have come into effect. The rules introduce mandatory requirements related to healthier food practices at hotels across the emirate.

To advertise here,contact us