യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ-വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ പങ്കാളിത്ത സാധ്യതകൾ കണ്ടെത്തുന്നതിനുമായി യുഎഇ–ഇന്ത്യ ഡിഫൻസ് ഇൻഡസ്ട്രി ഫോറം അബുദാബിയിൽ ആരംഭിച്ചു. തവാസുൻ കൗൺസിൽ ഫോർ ഡിഫൻസ് എനേബിൾമെന്റ്, യുഎഇയിലെ ഇന്ത്യൻ എംബസിയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് (SIDM)-ഉം ചേർന്നാണ് ഫോറം സംഘടിപ്പിച്ചത്.
തവാസുൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാസർ ഹുമൈദ് അൽ നുഐമി, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, SIDM പ്രതിനിധിസംഘത്തിന്റെ നേതാവും സെൻ ടെക്നോളജീസിന്റെ (Zen Technologies) വൈസ് പ്രസിഡന്റുമായ എയർ വൈസ് മാർഷൽ അരവിന്ദ് വർമ എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ ഫോറത്തിൽ പങ്കെടുത്തു. യുഎഇ പ്രതിരോധ മന്ത്രാലയം, EDGE ഗ്രൂപ്പ്, ഇന്ത്യൻ-യുഎഇ പ്രതിരോധ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ ശേഷികളും മുൻഗണനകളും അവതരിപ്പിക്കുന്ന വിവിധ സെഷനുകളും അവതരണങ്ങളും ഫോറത്തിന്റെ ഭാഗമായി നടന്നു. നിർമ്മാണം, ഗവേഷണ-വികസനം (Research and development), അത്യാധുനിക സാങ്കേതികവിദ്യകൾ, സപ്ലൈ ചെയിൻ വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ എന്നിവ ഇരു രാജ്യങ്ങളിലെയും കമ്പനികൾ ചർച്ച ചെയ്തു.
യുഎഇ–ഇന്ത്യ തന്ത്രപ്രധാന ബന്ധങ്ങളെ യാഥാർഥ്യ വ്യവസായ-പ്രതിരോധ സഹകരണങ്ങളാക്കി മാറ്റാനുള്ള പ്രായോഗിക ചുവടുവെപ്പാണ് ഫോറമെന്ന് തവാസുൻ കൗൺസിൽ ഇൻഡസ്ട്രി ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ ഷരീഫ് ഹാഷിം അൽ ഹാഷിമി പറഞ്ഞു. പരമ്പരാഗത വാങ്ങൽ-വിൽപ്പന ബന്ധങ്ങളിൽ നിന്ന് മാറി സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതിക പങ്കാളിത്തം, കൂടുതൽ ശക്തമായ സപ്ലൈ ചെയിനുകൾ എന്നിവയിലേക്ക് ബന്ധം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോറത്തെ അഭിസംബോധന ചെയ്ത ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഇന്ത്യ-യുഎഇ പ്രതിരോധ ബന്ധം ഇപ്പോൾ പ്രതിരോധ നയതന്ത്രത്തിൽ നിന്ന് വ്യവസായ സഹകരണത്തിലേക്കും സംയുക്ത വികസനത്തിലേക്കും വളരുകയാണെന്ന് പറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ രൂപീകരിച്ച Strategic Defence Partnership Framework-ന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ‘Make in India’ പദ്ധതിയും യുഎഇയുടെ ‘Make it in the Emirates’ പദ്ധതിയും സംയോജിപ്പിച്ച് പുതിയ സംയുക്ത വികസന-ഉൽപ്പാദന അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlight: UAE–India Defence Industry Forum has begun in Abu Dhabi, bringing together government officials and industry leaders to explore cooperation in manufacturing, research, advanced technologies and supply chains.