ദുബായ് ഗ്ലോബൽ വില്ലേജ് 2026; വിഐപി പാക്കുകൾ പ്രഖ്യാപിച്ചു, 31,000 ദിർഹത്തിന്റെ ക്യാഷ് പ്രൈസ്

വിവിധ ആനുകൂല്യങ്ങളോടെ നാല് കാറ്റഗറികളിലാണ് വിഐപി പാക്കുകൾ ലഭ്യമാകുക

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിനായുള്ള വിഐപി പാക്കുകൾ ഔദ്യോഗികമായി പുറത്തിറക്കി. ഇത്തവണത്തെ പാക്കുകളിൽ ഒന്നിൽ 31,000 ദിർഹത്തിന്റെ സർപ്രൈസ് ക്യാഷ് ചെക്ക് ഒളിപ്പിച്ചിട്ടുണ്ടെന്ന പ്രഖ്യാപനം സന്ദർശകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2026 ഒക്ടോബർ 14 ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സീസണിലേക്കുള്ള പ്രീ-ബുക്കിംഗ് സെപ്റ്റംബർ 21 മുതൽ ആരംഭിക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണത്തെ പാക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശേഖരിച്ചുവെക്കാവുന്ന 'ഗ്ലോബൽ വില്ലേജ് സ്റ്റോറി ബുക്ക്' തീമിൽ അവതരിപ്പിച്ചിരിക്കുന്ന പാക്കിൽ ഏഴ് പ്രത്യേക പിന്നുകൾ, വിഐപി പാർക്കിംഗ് സ്റ്റിക്കർ, എൻട്രി ടിക്കറ്റുകൾ, വണ്ടർ പാസ് കാർഡുകൾ, ദുബായ് ഹോൾഡിംഗ് എന്റർടൈൻമെന്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു.

സെപ്റ്റംബർ 21 മുതൽ 25 വരെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന പാക്കുകൾ സെപ്റ്റംബർ 26 മുതൽ കൊക്ക കോള അരീന വെബ്‌സൈറ്റ് വഴി നേരിട്ട് വാങ്ങാം. വിവിധ ആനുകൂല്യങ്ങളോടെ നാല് കാറ്റഗറികളിലാണ് വിഐപി പാക്കുകൾ ലഭ്യമാകുക. ഡയമണ്ട് പാക്കിന് 7,900 ദിർഹവും പ്ലാറ്റിനം പാക്കിന് 3,490 ദിർഹവുമാണ് വില. ഗോൾഡ് പാക്കിന് 2,490 ദിർഹവും സിൽവർ പാക്കിന് 1,890 ദിർഹവും നൽകണം.

ഇതിനുപുറമെ ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിലേക്കുള്ള പ്രവേശനവും സാധ്യമാക്കുന്ന 4,990 ദിർഹമിൻ്റെ 'മെഗാ ഗോൾഡ്', 3,490 ദിർഹമിൻ്റെ 'മെഗാ സിൽവർ' പാക്കുകളും ഇത്തവണ തിരികെ എത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് ഐഡിയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് പാക്കുകൾ സ്വന്തമാക്കാം. കടുത്ത തിരക്ക് ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമായി ഒരു എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ഒരു വിഐപി പാക്ക് മാത്രമേ വാങ്ങാൻ സാധിക്കൂ. "എ മോർ വണ്ടർഫുൾ വേൾഡ്" എന്നതാണ് ഇത്തവണത്തെ പ്രമേയം.

Content Highlights: Dubai Global Village has announced its VIP packages for the 2026 season. The packages include exclusive benefits for visitors, along with a cash prize worth 31,000 dirhams as part of the announced offers.

To advertise here,contact us