അബുദാബിയിൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനും അവ അറ്റസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ ഇനി അതിവേഗം പൂർത്തിയാക്കാം. യുഎഇ വിദേശകാര്യ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും കൈകോർത്ത് അബുദാബി ഗവൺമെന്റ് പ്ലാറ്റ്ഫോമായ 'താം' (TAMM) ആപ്പ് വഴിയാണ് ഈ പുതിയ ഡിജിറ്റൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.
ഇതോടെ ജനന-മരണ സർട്ടിഫിക്കറ്റുകൾക്കായി ഇനി മുതൽ ആളുകൾക്ക് ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഏതാനും മിനിറ്റുകൾക്കകം അപേക്ഷ സമർപ്പിക്കാനും സാക്ഷ്യപ്പെടുത്തൽ നടപടികൾ പൂർത്തിയാക്കാനും സാധിക്കും. മുൻപ് ഒന്നിലധികം ഓഫീസുകളെയും വെബ്സൈറ്റുകളെയും മാറിമാറി ആശ്രയിക്കേണ്ടി വന്നിരുന്ന അവസ്ഥയ്ക്കാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. പൂർണ്ണമായും ഓൺലൈനായതിനാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ വീടുകളിലിരുന്ന് തന്നെ ഏതു സമയത്തും ഈ സേവനം ഉപയോഗപ്പെടുത്താം.
വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി സ്മാർട്ട് ഭരണസംവിധാനം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ശൈഖ ഹെസ്സ ബിൻത് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ പറഞ്ഞു. നടപടിക്രമങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും കൂടുതൽ ഗുണനിലവാരമുള്ള സേവനങ്ങൾ വേഗത്തിൽ എത്തിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് സ്ഥാപന ശാക്തീകരണ വിഭാഗം ഡയറക്ടർ ജനറൽ ഖലഫ് ഹിലാൽ അൽ മസ്രൂയി വ്യക്തമാക്കി.
പുതിയ ഡിജിറ്റൽ സംയോജനത്തിലൂടെ സേവനങ്ങളുടെ സമയത്തിലും നടപടിക്രമങ്ങളിലും 90 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുൻവർഷം മാത്രം 47,000-ത്തോളം ജനന-മരണ സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിൽ, ആയിരക്കണക്കിന് പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ മാറ്റം വൻ ആശ്വാസമാകും. ജനങ്ങൾക്ക് ആവശ്യമായ മികച്ച കമ്മ്യൂണിറ്റി-ആരോഗ്യ സേവനങ്ങൾ നൽകാൻ ഭാവിയിലും കൂടുതൽ സാങ്കേതിക മുന്നേറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Abu Dhabi has introduced a digital system for birth and death certificate attestation through the TAMM app. The service aims to simplify the attestation process by enabling users to access the facility online.