വാട്‌സ്ആപ്പിനും ഇൻസ്റ്റാഗ്രാമിനും എല്ലാം ഇനി സബ്‌സ്‌ക്രിപ്‌ഷൻ വേണം; യുഎഇയിലെ നിരക്കുകൾ പ്രഖ്യാപിച്ചു

നിലവിലെ സൗജന്യ സേവനങ്ങൾ അതേപടി തുടരുമെന്നും കൂടുതൽ ആധുനിക സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് മാത്രമാണ് സബ്‌സ്‌ക്രിപ്‌ഷൻ ബാധകമെന്നും മെറ്റ വ്യക്തമാക്കി.

ആ​ഗോളതലത്തിൽ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ അവതരിപ്പിച്ച പുതിയ 'മെറ്റാ വൺ' (Meta One) സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളുടെ യുഎഇയിലെ നിരക്കുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 5.99 ദിർഹം മുതലാണ് യുഎഇയിലെ ഉപയോക്താക്കൾക്കായി വിവിധ സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾ മെറ്റ ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തികൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കുമായി അത്യാധുനിക എഐ (AI) സൗകര്യങ്ങളും പ്രൊഫഷണൽ ഫീച്ചറുകളും ഉൾപ്പെടുത്തിയുള്ളതാണ് ഈ പുതിയ പ്ലാനുകൾ. നിലവിലെ സൗജന്യ സേവനങ്ങൾ അതേപടി തുടരുമെന്നും കൂടുതൽ ആധുനിക സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് മാത്രമാണ് സബ്‌സ്‌ക്രിപ്‌ഷൻ ബാധകമെന്നും മെറ്റ വ്യക്തമാക്കി.

ഒരു ആപ്പ് മാത്രമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിച്ച പ്ലാനുകളിൽ വാട്‌സ്ആപ്പ് പ്ലസിന് പ്രതിമാസം 5.99 ദിർഹവും ഇൻസ്റ്റാഗ്രാം പ്ലസിനും ഫേസ്ബുക്ക് പ്ലസിനും 7.99 ദിർഹം വീതവുമാണ് നിരക്ക്. ഇൻസ്റ്റാഗ്രാമിൽ കസ്റ്റം ഫോണ്ടുകൾ, ഫേസ്ബുക്കിൽ കൂടുതൽ റീൽസ് വിശകലനങ്ങൾ, വാട്‌സ്ആപ്പിൽ ചാറ്റ് ബാക്കപ്പ് സ്റ്റോറേജ്, ഫോക്കസ് ഷെഡ്യൂളുകൾ തുടങ്ങിയ അധിക ഫീച്ചറുകൾ ഈ സിംഗിൾ ആപ്പ് പ്ലാനുകളിലൂടെ ലഭിക്കും.

എല്ലാ ആപ്പുകളിലെയും ഫീച്ചറുകളും മെറ്റയുടെ മികച്ച എ.ഐ ഇമേജ്-വീഡിയോ ജനറേഷൻ ടൂളുകളും സംയോജിപ്പിച്ച് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി പ്രത്യേക ബണ്ടിൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 'കോർ' പാക്കേജിന് പ്രതിമാസം 22.99 ദിർഹവും കൂടുതൽ എഐ ശേഷിയുള്ള 'പ്രീമിയം' പാക്കേജിന് 76.99 ദിർഹവുമാണ് യുഎഇയിലെ നിരക്ക്.

ബിസിനസ്സുകൾക്കും ക്രിയേറ്റർമാർക്കുമായി മൂന്ന് തലങ്ങളിലുള്ള ബണ്ടിലുകളാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. എസൻഷ്യൽ പ്ലാനിന് പ്രതിമാസം 46.99 ദിർഹം മുതലും അഡ്വാൻസ്ഡ് പ്ലാനിന് 119 ദിർഹവും ഏറ്റവും ഉയർന്ന എക്‌സ്‌പെർട്ട് പ്ലാനിന് 359 ദിർഹവുമാണ് ഈടാക്കുന്നത്. ബിസിനസ്സ് പ്രൊഫൈൽ എൻഹാൻസ്‌മെന്റുകൾ, കസ്റ്റമർ സർവീസിനായുള്ള എഐ ബോട്ട് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ലഭ്യമാകും.

Content Highlights: Subscription rates for WhatsApp and Instagram have been announced in the UAE. The new paid plans will require users to pay subscription fees for the specified services. The rates vary based on the subscription options available to users.

To advertise here,contact us