യുഎഇയിൽ വേനൽക്കാല ഉച്ചവിശ്രമ സമയം അവസാനിച്ചു; നിയമം വിജയകരമെന്ന് മന്ത്രാലയം

ഡിജിറ്റൽ സാങ്കേതികവിദ്യയും ഡാറ്റയും പ്രയോജനപ്പെടുത്തിയാണ് നിയമലംഘനങ്ങൾ മന്ത്രാലയം നിരീക്ഷിച്ചത്

യുഎഇയിൽ വേനൽക്കാലത്ത് നടപ്പാക്കിയ വാർഷിക ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിച്ചു. ഈ കാമ്പെയ്‌നിന്റെ ഭാഗമായി രാജ്യത്തുടനീളം 12,000-ത്തിലധികം വിശ്രമകേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയവും സ്വകാര്യ മേഖലയും കൈകോർത്താണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പദ്ധതി യാഥാർത്ഥ്യമാക്കിയത്.

തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ട് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെയായിരുന്നു വിശ്രമസമയം അനുവദിച്ചിരുന്നത്. വേനൽച്ചൂടിൽ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ ഘട്ടത്തിൽ കഴിഞ്ഞതായി മന്ത്രാലയത്തിലെ തൊഴിൽ സംരക്ഷണ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ദലാൽ അൽ ഷെഹി വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ കമ്പനികൾ മികച്ച സഹകരണമാണ് നിയമം നടപ്പിലാക്കാൻ നൽകിയത്. ഡെലിവറി ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ദൈനംദിന ജോലികൾക്കിടയിൽ വിശ്രമിക്കാനുമായി അവശ്യ സൗകര്യങ്ങളോടെയാണ് 12,000 വിശ്രമകേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു.

തൊഴിലുടമകൾ തണലുള്ള വിശ്രമസ്ഥലങ്ങൾ, എ സി ഉപകരണങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, പ്രഥമശുശ്രൂഷാ സാമഗ്രികൾ എന്നിവ നിർബന്ധമായും നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. തടസ്സപ്പെടുത്താൻ സാധിക്കാത്ത അവശ്യ സേവന മേഖലകളിലെ ജോലികളെ മാത്രമാണ് നിയന്ത്രിത നിബന്ധനകളോടെ ഉച്ചവിശ്രമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നത്.

ഡിജിറ്റൽ സാങ്കേതികവിദ്യയും ഡാറ്റയും പ്രയോജനപ്പെടുത്തിയാണ് നിയമലംഘനങ്ങൾ മന്ത്രാലയം നിരീക്ഷിച്ചത്. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കും സൗജന്യ സംവിധാനം ഒരുക്കിയിരുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റമാണ് ഇതിലൂടെ യുഎഇ കൈവരിച്ചത്.

Content Highlights: The UAE’s summer midday break has ended, with the ministry stating that the regulation was successfully implemented. The annual measure was introduced to protect workers from extreme heat conditions during peak summer hours.

To advertise here,contact us