വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ; സഞ്ചാരികൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി അബുദാബി

പ്രകൃതി അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അബുദാബിയെ വർഷം മുഴുവൻ സന്ദർശിക്കാവുന്ന പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

‌അബുദാബിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പ് (ഡിസിടി അബുദാബി). അബുദാബിയിലെ ദ്വീപുകൾ, സമുദ്ര മേഖലകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന "അബുദാബി ഐസ് ലൻഡ്സ് ആൻഡ് വാട്ടർ സ്പോർട്സ് ഗൈഡ് (Abu Dhabi Islands and Water Sports Guide)" എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിസിടി അബുദാബി പുറത്തിറക്കിയത്.

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 നോടനുബന്ധിച്ചാണ് പുതിയ ഗൈഡ് അവതരിപ്പിച്ചത്. അബുദാബിയിലെ 200-ലേറെ വരുന്ന ദ്വീപുകൾ, സമുദ്ര പരിസ്ഥിതികൾ, ജലവിനോദ പ്രവർത്തനങ്ങൾ, ലൈസൻസുള്ള ഓപ്പറേറ്റർമാർ, സംരക്ഷിത സമുദ്ര മേഖലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ററാക്ടീവ് മാപ്പ്, യാത്രാ നിർദേശങ്ങൾ, ജലവിനോദ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, ലൈസൻസുള്ള സേവനദാതാക്കളുടെ പട്ടിക, സമുദ്ര സംരക്ഷിത മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ, തീരദേശ സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവയാണ് സഞ്ചാരികൾക്ക് ലഭ്യമാകുന്ന പ്രധാന സൗകര്യങ്ങൾ. ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ശുപാർശ ചെയ്യുന്ന ദ്വീപുകൾ, എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ദ്വീപുകൾ, പ്രവേശന പരിമിതിയുള്ള ദ്വീപുകൾ, സമുദ്ര സംരക്ഷിത മേഖലകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപുകൾ, പൊതുജന പ്രവേശനമില്ലാത്ത ദ്വീപുകൾ എന്നിങ്ങനെയും കണ്ടൽക്കാടുകളിലൂടെയുള്ള കയാക്കിങ്, ഐസ്ലൻഡ് ഹോപ്പിങ് (Island-hopping), കപ്പൽ യാത്രകൾ (Sailing) തുടങ്ങി സഞ്ചാരികൾക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെയും സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നതിനുമായി ദ്വീപുകൾ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നുമുണ്ട്.

2030ഓടെ വർഷംതോറും 3.93 കോടി സന്ദർശകരെ അബുദാബിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അബുദാബി ടൂറിസം സ്ട്രാറ്റജി 2030 ന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രകൃതി അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അബുദാബിയെ വർഷം മുഴുവൻ സന്ദർശിക്കാവുന്ന പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Abu Dhabi has launched a new digital platform that helps visitors discover tourist attractions, islands, water sports activities and leisure experiences across the emirate through interactive maps and travel guides.

To advertise here,contact us